ഫിറോസ്‌പുർ: ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബാദൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഫസിൽക്ക ജില്ലയിലെ മമനു ജോയ ഗ്രാമത്തിലെ ശ്മശാനത്തിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് സംഭവം.(RSS activist murder case, Main accused killed in encounter)
നവീൻ അറോറയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായി ഇന്നലെ പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ബാദലിനെ ശ്മശാനത്തിൽ എത്തിച്ചത്. ഇവിടെ ഒളിച്ചിരുന്ന രണ്ട് പേർ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിളായ ബാലർ സിങിന് കൈക്ക് വെടിയേറ്റതോടെയാണ് പൊലീസ് പ്രത്യാക്രമണം നടത്തിയത്. തിരിച്ചുള്ള വെടിവയ്പിനിടെയാണ് ബാദലിന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിറ്റി ഡിഎസ്‌പി, ഡിഎസ്‌പി ഡിറ്റക്റ്റീവ്, സിഐഎ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള വലിയ പൊലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്. പൊലീസിനെ ആക്രമിച്ച ശേഷം ശ്മശാനത്തിൽ ഒളിച്ചിരുന്ന രണ്ട് പ്രതികളും രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
നവംബർ 15-ന് രാത്രിയാണ് ആർഎസ്എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകനും വ്യാപാരിയുമായ നവീൻ അറോറയെ വെടിവച്ച് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ട് പേർ നവീൻ അറോറയെ പിന്നിൽ നിന്ന് വെടിവെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലയിൽ ഉൾപ്പെടെ രണ്ട് വെടിയുണ്ടകൾ തറച്ചു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ഗുർസിമ്രൻ സിഹ് എന്ന ജതിൻ കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴും പൊലീസിന് നേരെ വെടിയുതിർക്കുകയും, പ്രത്യാക്രമണത്തിൽ പരിക്കേറ്റ് ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്.