'ഷാരൂഖ് ഖാനെ അറിയാമോ ?': അതിക്രമം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാരനെ RSF തട്ടിക്കൊണ്ടു പോയി; മോചന ശ്രമങ്ങൾ സജീവം | RSF

ആദർശ് നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും കാണാം.
'ഷാരൂഖ് ഖാനെ അറിയാമോ ?': അതിക്രമം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാരനെ RSF തട്ടിക്കൊണ്ടു പോയി; മോചന ശ്രമങ്ങൾ സജീവം | RSF
Updated on

ന്യൂഡൽഹി : ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ, ഒഡീഷ സ്വദേശിയായ ഒരു ഇന്ത്യക്കാരനെ വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്.) തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുർ ജില്ലയിൽ നിന്നുള്ള 36-കാരനായ ആദർശ് ബെഹ്റയെയാണ് തട്ടിക്കൊണ്ടുപോയത്.(RSF kidnaps Indian in Sudan, rescue efforts underway)

മോചനത്തിനായി സുഡാനിലെ അധികൃതരുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാൻ അംബാസഡർ മുഹമ്മദ് അബ്ദല്ല അലി എൽതോം അറിയിച്ചു.

ആദർശ് ബെഹ്റ ആർ.എസ്.എഫ്. സൈനികർക്കൊപ്പം ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അന്താരാഷ്ട്ര, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പുറത്തുവന്ന വീഡിയോയിൽ, ആദർശ് നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും കാണാം.

ഒരു ആർ.എസ്.എഫ്. സൈനികൻ ആദർശ് ബെഹ്റയോട് ഷാരൂഖ് ഖാനെ അറിയുമോ എന്ന് ചോദിക്കുന്നുണ്ടെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള അൽ ഫാഷിർ നഗരത്തിൽ നിന്നാണ് ആദർശിനെ തട്ടിക്കൊണ്ടുപോയത്. സൗത്ത് ദാർഫൂറിലെ ആർ.എസ്.എഫിന്റെ ശക്തികേന്ദ്രമായ ന്യാളയിലേക്കാകാം ഇയാളെ കൊണ്ടുപോവാൻ സാധ്യതയെന്ന് സുഡാൻ എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു. ആദർശ് ബെഹ്റ ഉടൻ സുരക്ഷിതനായി തിരിച്ചെത്തുമെന്ന് എംബസി അധികൃതർ ഉറപ്പുനൽകി.

ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ഖാർത്തൂമിൽ നിന്നും 13 ദശലക്ഷത്തിലധികം ആളുകളെ സുഡാൻ മാറ്റിപ്പാർപ്പിച്ചിരുന്നു. 2022 മുതൽ സുഡാനിലെ സുകാരതി പ്ലാസ്റ്റിക് ഫാക്ടറി എന്ന കമ്പനിയിലാണ് ആദർശ് ബെഹ്റ ജോലി ചെയ്യുന്നത്. സുമിത്രയാണ് ഭാര്യ, ഇവർക്ക് എട്ടും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com