ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ബ്ലാക്ക്റോക്ക്, വൻകിട ബാങ്കായ ബി.എൻ.പി. പാരിബ എന്നിവയെ കബളിപ്പിച്ച് ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് 500 മില്യൺ ഡോളറിൻ്റെ (ഏകദേശം 4400 കോടി രൂപ) വായ്പ കൈക്കലാക്കി മുങ്ങിയതായി റിപ്പോർട്ട്. ബങ്കിം ബ്രഹ്‌മഭട്ട് ആണ് തട്ടിപ്പിന് പിന്നിൽ. വ്യാജ ഇ-മെയിൽ വിലാസങ്ങളും രേഖകളും ഉപയോഗിച്ചാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്റോക്കിന്റെ പ്രൈവറ്റ്-ക്രെഡിറ്റ് നിക്ഷേപ വിഭാഗവും മറ്റ് വായ്പാദാതാക്കളും ശ്രമം തുടരുകയാണ്.(Rs 4400 crore fraud, Indian-origin man flees after taking loan through fake email)
ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് എന്നീ ടെലികോം സേവന സ്ഥാപനങ്ങളുടെ ഉടമയായ ബ്രഹ്‌മഭട്ട്, വലിയ വായ്പകൾക്ക് ഈടായി നൽകിയ ഇൻവോയ്‌സുകളും അക്കൗണ്ട്‌സ് റിസീവബിൾസും വ്യാജമായി നിർമ്മിച്ചതായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. ബ്രഹ്‌മഭട്ടിൻ്റെ സ്ഥാപനങ്ങൾക്ക് എച്ച്.പി.എസ്. ഇൻവെസ്റ്റ്‌മെൻ്റ് നൽകിയ വായ്പകൾക്ക് ഫ്രഞ്ച് മൾട്ടിനാഷണൽ ബാങ്കായ ബി.എൻ.പി. പാരിബ സാമ്പത്തിക സഹായം നൽകിയിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ വായ്പാദാതാക്കളിൽ ഒന്നാണ് ബി.എൻ.പി. പാരിബ.
2020 സെപ്റ്റംബറിൽ തുടങ്ങിയ വായ്പ നൽകൽ, 2021-ൽ 385 മില്യൺ ഡോളറായിരുന്നു. ഇത് 2024 ഓഗസ്റ്റ് ആയപ്പോഴേക്കും മൊത്തം 430 മില്യൺ ഡോളറായി ഉയർന്നു. 2025 ജൂലൈയിൽ ഇൻവോയ്‌സുകൾ പരിശോധിക്കാൻ ഉപയോഗിച്ച ഇ-മെയിൽ വിലാസങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ഈ വിലാസങ്ങളിൽ പലതും യഥാർഥ ടെലികോം കമ്പനികളെ അനുകരിക്കുന്ന വ്യാജ ഡൊമെയ്‌നുകൾ ആയിരുന്നു. 2018 മുതലുള്ള ചില കരാറുകളും വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തി. എച്ച്.പി.എസ്. ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ ബ്രഹ്‌മഭട്ട് ഫോൺ കോളുകൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുള്ള ബ്രഹ്‌മഭട്ടിൻ്റെ കമ്പനികളുടെ ഓഫീസുകൾ പൂട്ടിയിരുന്നു. വസതിയിൽ അഞ്ച് ആഡംബര കാറുകൾ ഉണ്ടായിരുന്നെങ്കിലും താമസക്കാർ ആരും ഉണ്ടായിരുന്നില്ല. ഓഗസ്റ്റിൽ അമേരിക്കയിൽ ഫയൽ ചെയ്ത കേസിൽ, വായ്പയിലൂടെ ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കും കടത്തിയതായാണ് സൂചന.
ബ്രഹ്‌മഭട്ടിൻ്റെ സ്ഥാപനങ്ങൾക്ക് എച്ച്.പി.എസ്. ഇൻവെസ്റ്റ്‌മെൻ്റ് വായ്പ നൽകുമ്പോൾ ആസ്തികൾ ഉറപ്പുവരുത്താനും ഓഡിറ്റുകൾക്കുമായി ഡിലോയിറ്റ്, സി.ബി.ഐ.സെഡ്. എന്നീ രണ്ട് ഏജൻസികളെ നിയമിച്ചിരുന്നു. ഇവർക്കും പിഴവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നോ അല്ലെങ്കിൽ സ്ഥാപനങ്ങളിലെ ജീവനക്കാർ തട്ടിപ്പിന് കൂട്ടുനിന്നുവെന്നോ സംശയിക്കേണ്ടിയിരിക്കുന്നു.