ചെന്നൈ: തമിഴ്‌നാട്ടിലെ കോടിക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമായി സ്റ്റാലിൻ സർക്കാരിന്റെ പൊങ്കൽ സമ്മാനം. സംസ്ഥാനത്തെ 2.22 കോടി വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് കിറ്റിനൊപ്പം 3000 രൂപ വീതം നൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നൈയിൽ മുഖ്യമന്ത്രി നിർവ്വഹിക്കും.(Rs 3000 and kit for ration card holders for Pongal in Tamil Nadu)
ജനുവരി 14-ന് മുൻപായി വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കിറ്റിൽ 3000 രൂപ (ബാങ്ക് അക്കൗണ്ട് വഴിയോ നേരിട്ടോ നൽകും), ഒരു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു മുഴുവൻ കരിമ്പ്, സൗജന്യ വേഷ്ടിയും സാരിയും എന്നിവ ഉൾപ്പെടുന്നു.
ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കും ഇത്തവണ ഈ ആനുകൂല്യം ലഭ്യമാകും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷമായതിനാൽ ഈ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 2023-ലും 2024-ലും 1000 രൂപ വീതമാണ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം കിറ്റിൽ പണം ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇത്തവണ അത് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു.
ഏകദേശം 6,936 കോടി രൂപയാണ് ഈ പദ്ധതിക്കായി മാത്രം തമിഴ്‌നാട് സർക്കാർ ചെലവഴിക്കുന്നത്. സാധാരണക്കാർക്ക് വലിയ കൈത്താങ്ങാകുന്ന ഈ പദ്ധതിയിലൂടെ ജനപിന്തുണ ഉറപ്പിക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകൾ വഴി വിതരണം ഊർജ്ജിതമാക്കും.