

സാസാരം: ബിഹാറിലെ സാസാരരയിൽ നിയമവിരുദ്ധമായി കടത്തുവാൻ ശ്രമിച്ച ആമകളെ പിടികൂടി റെയിൽവേ സംരക്ഷണ സേന (Wildlife trafficking). ശനിയാഴ്ച രാത്രി നേതാജി എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 311 ജീവനുള്ള ആമകളെ കണ്ടെടുത്തത്. ട്രെയിനിലെ സീറ്റുകൾക്ക് അടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ചാക്കുകളിലും ബാഗുകളിലുമായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്.
രഹസ്യവിവരത്തെത്തുടർന്ന് പ്ലാറ്റ്‌ഫോം നമ്പർ മൂന്നിൽ വെച്ച് ആർ.പി.എഫ് ഇൻസ്പെക്ടർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 12312 ഡൗൺ നേതാജി എക്സ്പ്രസിലെ യാത്രക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചെങ്കിലും ബാഗുകൾ ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന് ബാഗുകൾ തുറന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ ആമകളെ കണ്ടെത്തിയത്. പിടിച്ചെടുത്ത ആമകൾക്ക് ഏകദേശം 3.11 ലക്ഷം രൂപ വിപണി വില വരുമെന്ന് അധികൃതർ കണക്കാക്കുന്നു.
ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസ്സിലാക്കിയ കടത്തുകാർ ആമകളടങ്ങിയ ബാഗുകൾ ട്രെയിനിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് കരുതുന്നത്. പിടിച്ചെടുത്ത ആമകളെ നിയമനടപടികൾക്കും സംരക്ഷണത്തിനുമായി സാസാരം വനംവകുപ്പിന് കൈമാറി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആമകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത പോലീസ്, ആമകളെ എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും എങ്ങോട്ടാണ് കടത്താൻ ശ്രമിച്ചതെന്നും അന്വേഷിച്ചു വരികയാണ്.
The Railway Protection Force (RPF) in Sasaram, Bihar, foiled a major wildlife smuggling attempt by recovering 311 live turtles from a general coach of the Netaji Express. The turtles, found hidden in abandoned bags and sacks under seats, are valued at approximately ₹3.11 lakh. Authorities have handed over the rescued turtles to the forest department for conservation while an investigation is underway to track down the smugglers who fled the scene.