
ന്യൂഡൽഹി: ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് റോജർ ബിന്നി പുറത്ത്. കാലാവധി കഴിഞ്ഞതോടെയാണ് ബിന്നി പുറത്തായത്. വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല താത്കാലിക പ്രസിഡൻ്റായി ചുമതലയേൽക്കും. അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ ബിന്നിയ്ക്ക് വീണ്ടും ബിസിസിഐ പ്രസിഡണ്ട് സ്ഥാനത്തിരിക്കാം.
സെപ്തംബറിലാണ് ബിസിസിഐ തിരഞ്ഞെടുപ്പ് നടക്കുക. അതുവരെ രാജീവ് ശുക്ല ആക്ടിങ് പ്രസിഡൻ്റായിരിക്കും. ബിസിസിഐയുടെ പല താക്കോൽ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളും വഹിക്കുന്നയാളുമാണ് രാജീവ് ശുക്ല. 2015ൽ അദ്ദേഹം ഐപിഎൽ ചെയർമാനായി ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ ബിസിസിഐ വൈസ് പ്രസിഡൻ്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
റോജർ ബിന്നിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഈ മാസം 27ന് നടന്ന ബിസിസിഐ അപക്സ് കൗൺസിൽ യോഗത്തിൽ വച്ച് ശുക്ല ആക്ടിങ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തു. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുന്നയാളാവും പുതിയ ബിസിസിഐ പ്രസിഡൻ്റ്.