പറ്റ്‌ന: ബിഹാറിലെ നിതീഷ് കുമാർ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിഹാറിൽ വലിയ മാറ്റങ്ങൾ ദൃശ്യമാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ സംസ്ഥാനം മികച്ച പുരോഗതി കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ നളന്ദ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബിഹാറിലെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.(Roads and infrastructure have improved, Shashi Tharoor praises development in Bihar)
ബിഹാറിലെ റോഡുകൾ മുമ്പത്തേക്കാൾ മികച്ചതാണെന്നും വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ജനങ്ങൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി. "പഴയ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് രാത്രി വൈകിയും ആളുകൾ ഭയമില്ലാതെ തെരുവിലിറങ്ങുന്നുണ്ട്. ബിഹാറിൽ നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെന്നതിൽ സംശയമില്ല" - അദ്ദേഹം വ്യക്തമാക്കി.
നിതീഷ് കുമാറിനെക്കുറിച്ചുള്ള രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തരൂർ തയ്യാറായില്ല. തന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, ബിഹാറിന്റെ പുരോഗതിയിൽ സന്തോഷമുണ്ടെന്നും ഇതിന്റെ ക്രെഡിറ്റ് അവിടുത്തെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമാണെന്നും കൂട്ടിച്ചേർത്തു.