

ബീഹാർ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിക്കാനും കുടുംബത്തെ ഉപേക്ഷിക്കാനും തീരുമാനിച്ചതായി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 243 അംഗ സംസ്ഥാന നിയമസഭയിൽ 25 സീറ്റുകൾ മാത്രം നേടിക്കൊണ്ട് വൻ പരാജയം ഏറ്റുവാങ്ങിയതിന്റെ പിന്നാലെയാണ് അവരുടെ ഈ തീരുമാനം. (RJD)
എല്ലാ കുറ്റവും ഏറ്റെടുത്തുകൊണ്ട്, ആർജെഡി എംപിയും തേജസ്വി യാദവിന്റെ അടുത്ത സുഹൃത്തുമായ സഞ്ജയ് യാദവിനെതിരെ രോഹിണി ആഞ്ഞടിച്ചു. ഇതാണ് എന്നോട് സഞ്ജയ് യാദവ് ചെയ്യാൻ ആവശ്യപ്പെട്ടത് ഞാൻ അത് ചെയ്യുകയാണ് എന്നായിരുന്നു രോഹിണിയുടെ ആരോപണം.
രോഹിണി ആചാര്യയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവിനെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് ഈ വർഷം ആദ്യം പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇതേ തുടർന്നാണ് രോഹിണിയുടെ കുടുംബത്തിൽ വിള്ളലുകൾ വീണത്.
ഒരു ബന്ധത്തിലാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടെന്ന് പറഞ്ഞുണ്ടായ ഒരു വിവാദത്തിനെ തുടർന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യ റായിയുമായുള്ള വിവാഹമോചന കേസ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മുൻകാല ദാമ്പത്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഈ സംഭവം വീണ്ടും സജീവമാക്കി.