
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്ന്, പശ്ചിമ ബംഗാളിലെ ഗംഗാസാഗറിലേക്ക് ഒരു വനിതാ സംഘം റാഫ്റ്റിംഗിലൂടെ 2,325 കിലോമീറ്റർ സഞ്ചാരം നടത്തുന്നു. നവംബർ 2ന് ആരംഭിച്ച് ഡിസംബർ 24 ന് അവസാനിക്കുന്ന ഈ യാത്ര നടക്കുന്നത് ബി എസ് എഫിൻ്റെ നേതൃത്വത്തിലാണ്. 53 ദിവസം നീളുന്ന ഈ സാഹസിക യാത്ര ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്ന് ഗംഗാസാഗറിൽ അവസാനിക്കും. ഈ കാമ്പയിൻ്റെ പ്രധാന ലക്ഷ്യം ഗംഗാ നദിയുടെ ശുചീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കലും, സ്ത്രീ ശാക്തീകരണത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കലുമാണ്.(River Ganga )
ഗംഗോത്രിയിൽ നിന്ന് നവംബർ 2ന് ആരംഭിക്കുന്ന ഈ യാത്ര ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലാണ് സമാപിക്കുന്നത്. യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത് ബി എസ് എഫ് ഇൻസ്പെക്ടർ ജനറൽ രാജ ബാബു സിംഗ് ആണ്. തുടർന്ന്, നവംബർ നാലിന് ഹരിദ്വാറിലെത്തുകയും, കേന്ദ്രമന്ത്രി സി ആർ പാട്ടീലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും യാത്രക്കാർക്ക് സ്വീകരണം നൽകുകയും ചെയ്യും. തുടർന്നുള്ള യാത്രക്ക് ഇവർക്ക് യാത്രയയപ്പ് നൽകുന്നത് ഹരിദ്വാറിലെ ചണ്ഡിഘട്ടിൽ ബി എസ് എഫ് ബ്രാസ് ബാൻഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിലാണ്.
ലക്ഷ്യം
ഈ യാത്രയുടെ പ്രധാന ലക്ഷ്യം ഗംഗാ നദിയുടെ പവിത്രത നിലനിർത്തുക, സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ്. 60 അംഗ ബി എസ് എഫ് ടീമാണിത്. ഇതിൽ 20 വനിതാ റാഫ്റ്റർമാരാണ് ഉള്ളത്. സ്ത്രീകൾക്ക് ഇവരുടെ ധീരതയും പ്രതിബദ്ധതയും വലിയ പ്രചോദനമായിത്തീരും. ഗംഗയുടെ സാംസ്കാരികവും മതപരവുമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം, സമൂഹത്തിലെ സ്ത്രീകളുടെ പ്രാധാന്യവും ഗംഗയിലൂടെയുള്ള ഈ യാത്ര ഊന്നിപ്പറയുന്നു.
ശുചീകരണം, സ്ത്രീ ശാക്തീകരണം
ബി എസ് എഫ് സംഘം ഈ യാത്രയിൽ ഗംഗാനദിയുടെ തീരത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും, അവിടത്തെ ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും. നവംബർ 9ന് ബുലന്ദ്ഷഹറിലെത്തുന്ന ഇവർ, വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും, ഗംഗാനദിയുടെ പരിസ്ഥിതി സംരക്ഷണം, ശുചീകരണം, സ്ത്രീകളുടെ ശാക്തീകരണം എന്നീ വിഷയങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യും.
സാംസ്കാരിക ബോധവൽക്കരണ പരിപാടികൾ
ഈ യാത്രയുടെ ഭാഗമായി ഒട്ടനവധി സാംസ്ക്കാരിക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
● ഗംഗാ ആരതി: ഗംഗാനദിയുടെ മതപരമായുള്ള പ്രാധാന്യത്തെ മാനിക്കുന്നു.
● പ്രഭാത് ഭേരി: പ്രദേശവാസികളെ ബന്ധിപ്പിക്കുകയും, ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നു.
● ഭജനയും സ്വാഗത ചടങ്ങും: യാത്രയ്ക്ക് പിന്തുണ നൽകാനും, പ്രോത്സാഹനം ലഭിക്കാനും.
ഈ പ്രചാരണം ഡിസംബർ 24ന് പശ്ചിമ ബംഗാളിലെ ഗംഗാസാഗറിൽ വച്ച് സമാപിക്കും. ഇതിലൂടെ ബി എസ് എഫ് ലക്ഷ്യമിടുന്നത് പരിശുദ്ധമായ ഗംഗയുള്ള ഒരു ശക്തമായ ഇന്ത്യ എന്ന ആശയത്തിൻ്റെ പ്രചാരണമാണ്. സമൂഹത്തിൽ സ്ത്രീശാക്തീകരണത്തിനുള്ള പ്രാധാന്യത്തിന് തിളക്കമേകാനും ഇത് ലക്ഷ്യമിടുന്നു.