ഹൈദരാബാദ്: സൗദി അറേബ്യയിലുണ്ടായ ബസ് അപകടത്തിൽ ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെട്ട മരിച്ചതായി സംശയിക്കുന്നു എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അപകടത്തിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. (Revanth Reddy)
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ന്യൂഡൽഹിയിലെ ഉദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും എംബസി അധികൃതരുമായി നിരന്തരം വിവരങ്ങൾ കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന ബസിൽ ഹൈദരാബാദിൽ നിന്നുള്ള നിരവധി ഇന്ത്യക്കാർ ഉണ്ടായിരുന്നതായി തെലങ്കാന സിഎം ഓഫീസ് അറിയിച്ചു.
തുടർന്ന് ഹൈദരാബാദിലെ തെലങ്കാന ചീഫ് സെക്രട്ടറി രാമകൃഷ്ണ റാവു ഡൽഹിയിലുള്ള റസിഡന്റ് കമ്മീഷണർ ഗൗരവ് ഉപ്പലിനെ വിവരം അറിയിച്ചു. അപകടത്തിൽ നമ്മുടെ സംസ്ഥാനത്തെ എത്ര പേരുണ്ടെന്ന് കൃത്യമായി അന്വേഷിച്ച് ഉടൻ തന്നെ അവർക്ക് വിവരം നൽകാൻ അദ്ദേഹം ഉത്തരവിട്ടു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ ഒരു കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്.