20 രൂപയുടെ അക്വാഫിന വാട്ടർ ബോട്ടിലിന് 55 രൂപ ഈടാക്കിയ റെസ്റ്റോറന്റ്; റെസ്റ്റോറന്റിന് 3,000 രൂപ പിഴ, അധികം വാങ്ങിയ തുക തിരിച്ചു നൽകണം | Water bottle

20 രൂപയുടെ അക്വാഫിന വാട്ടർ ബോട്ടിലിന് 55 രൂപ ഈടാക്കിയ റെസ്റ്റോറന്റിന് 3,000 രൂപ പിഴയും അധികം വാങ്ങിയ തുക തിരിച്ചുനൽകാനുമാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
AQUAFINA
TIMES KERALA
Updated on

കുപ്പി വെള്ളത്തിന് അധിക വില ഈടാക്കിയ റെസ്റ്റോറന്റിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ. റെസ്റ്റോറന്റുകളിൽ പായ്ക്ക് ചെയ്ത കുടിവെള്ളത്തിന് എംആർപി വിലയേക്കാൾ കൂടുതൽ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചണ്ഡീഗഡ് സ്റ്റേറ്റ് കൺസ്യൂമർ ഡിസ്‌പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ പിഴ വിധിച്ചിരിക്കുന്നത്. 20 രൂപയുടെ അക്വാഫിന വാട്ടർ ബോട്ടിലിന് 55 രൂപ ഈടാക്കിയ റെസ്റ്റോറന്റിന് 3,000 രൂപ പിഴയും അധികം വാങ്ങിയ തുക തിരിച്ചുനൽകാനുമാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. (Water bottle)

2023 ഡിസംബർ 12 -നാണ് ചണ്ഡീഗഡ് സ്വദേശിനിയായ ഖന്ന ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ചെന്നത്. ബില്ല് വന്നപ്പോൾ 20 രൂപ എംആർപി രേഖപ്പെടുത്തിയ കുപ്പിവെള്ളത്തിന് 55 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ ആദ്യം ഖന്ന ജില്ലാ കമ്മീഷനെ സമീപിച്ചെങ്കിലും പരാതി തള്ളി. തുടർന്ന് അവർ സ്റ്റേറ്റ് കമ്മീഷനിൽ സ്വയം വാദിക്കുകയായിരുന്നു.

റെസ്റ്റോറന്റിലെ എയർ കണ്ടീഷനിംഗ്, സീറ്റിങ് സ്പേസ്, ആംബിയൻസ്, സർവീസ് എന്നിവ കണക്കിലെടുത്താണ് വെള്ളത്തിന് അധിക വില ഈടാക്കിയതെന്നായിരുന്നു റെസ്റ്റോറന്റിന്റെ വാദം. എന്നാൽ ഈ വാദങ്ങളെ കമ്മീഷൻ തള്ളിക്കളയുകയായിരുന്നു. ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂൾസ് 2011 പ്രകാരം, എംആർപി എന്നത് ടാക്സ്, പാക്കേജിം​ഗ് എക്സ്പെൻസ് തുടങ്ങി എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ പരമാവധി വിലയാണ്. ഇതിനേക്കാൾ കൂടുതൽ വാങ്ങുന്നത് നിയമലംഘനമാണ് എന്നാണ് കമ്മീഷൻ പറഞ്ഞത്. ശുദ്ധമായ കുടിവെള്ളം എന്നത് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണ്. അതിന് അമിതവില ഈടാക്കുന്നത് പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണ് എന്നും കമ്മീഷൻ പറഞ്ഞു.

അതിനാൽ, അധികമായി വാങ്ങിയ 25 രൂപ പരാതിക്കാരിക്ക് തിരികെ നൽകണം. മാനസിക പ്രയാസമുണ്ടാക്കിയതിനും തെറ്റായ രീതിയിൽ കച്ചവടം നടത്തിയതിനും 3,000 രൂപ നഷ്ടപരിഹാരം നൽകണം. 30 ദിവസത്തിനുള്ളിൽ ഈ തുക നൽകിയില്ലെങ്കിൽ പലിശ സഹിതം നൽകേണ്ടി വരുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com