
കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് ശേഷം കൊൽക്കത്തയിൽ ഉയർന്നുവന്ന ഡോക്ടർമാരുടെ പ്രതിഷേധം ഇനിയും കഴിഞ്ഞിട്ടില്ല. സർക്കാർ ഇടപെടലുകൾ നിഷ്ഫലമായ സാഹചര്യത്തിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധക്കാർക്കരികിൽ വന്നു.
പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സായ സ്വാസ്ഥ്യ ഭവന് മുമ്പിൽ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഡോക്ടർമാർ പ്രതിഷേധം നടത്തി വരികയായിരുന്നു. പ്രതിഷേധക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ ഇതിന് കൂട്ടാക്കിയില്ല. ഇതിന് പിന്നാലെയാണ് മമതാ ബാനർജി ശനിയാഴ്ച പ്രതിഷേധക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് ഞാൻ വന്നിരിക്കുന്നതെന്ന് മമതാ ബാനർജി പറഞ്ഞു.