ന്യൂഡൽഹി: ഇന്ത്യയുടെ മൾട്ടി ബാരൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് മിസൈൽ വാങ്ങുന്ന രണ്ടാമത്തെ രാജ്യമായി ഇന്തോനേഷ്യ മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ബ്രഹ്‌മോസ് മിസൈൽ കരാറിൽ ഒപ്പുവെക്കാനായി ഇന്ത്യയും ഇന്തോനേഷ്യയും ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.(Report says deal with Indonesia possible after Philippines for Brahmos)
ബ്രഹ്‌മോസ് മിസൈൽ നിർമ്മാണത്തിൽ റഷ്യയ്ക്ക് പങ്കാളിത്തമുള്ളതിനാൽ, കരാറിന് റഷ്യയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. പ്രതിരോധ ഇടപാട് സംബന്ധിച്ച് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ കുറേനാളായി ചർച്ചകൾ തുടരുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉന്നതതല സംഘം ഇന്ത്യ സന്ദർശിച്ചതോടെ ചർച്ചകൾ വേഗത്തിലായി.
സമീപകാലത്തായി ഇന്ത്യ-ഇന്തോനേഷ്യ പ്രതിരോധ സഹകരണം ശക്തമായിരുന്നു. ഫിലിപ്പീൻസ് ഇന്ത്യയിൽ നിന്ന് ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങിയതിന് പിന്നാലെ ഇന്തോനേഷ്യയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചെറിയ നാവികസേന മാത്രമുള്ള ഇന്തോനേഷ്യയ്ക്ക് തങ്ങളുടെ വിപുലമായ തീരദേശ സുരക്ഷ ഉറപ്പുവരുത്താൻ ബ്രഹ്‌മോസ് പോലെയുള്ള ശക്തമായ ആയുധം അത്യാവശ്യമാണ്.
'ഓപ്പറേഷൻ സിന്ദൂറിൽ' പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളും സൈനിക താവളങ്ങളും തകർക്കാൻ ബ്രഹ്‌മോസ് കാണിച്ച കൃത്യത ഇന്തോനേഷ്യയെ ആകർഷിച്ചു. ഇതാണ് മിസൈൽ കരാർ വേഗത്തിലാക്കാൻ ഇടയാക്കിയ പ്രധാന ഘടകം. കരാർ യാഥാർത്ഥ്യമായാൽ, പ്രതിരോധ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യയ്ക്ക് ഇത് വലിയ നേട്ടമാകും.