

ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. പ്രിയാകർ ശിവമൂർത്തി എന്നയാളെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവിൻ്റെ കടയിൽ ചിക്കൻ വാങ്ങാനെത്തിയപ്പോഴാണ് പ്രതി കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ചിക്കൻ വാങ്ങിയ പണം യു.പി.ഐ. ആപ്പ് വഴി പെൺകുട്ടിയുടെ നമ്പറിലേക്ക് അയച്ചാണ് ഇയാൾ സംഭാഷണം തുടങ്ങിയത്. പിന്നീട് ഈ ആപ്പ് വഴി നിരന്തരം സന്ദേശങ്ങൾ അയച്ച് ബന്ധം സ്ഥാപിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു.
നിരന്തര പീഡനത്തെത്തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ഗർഭിണിയായ പെൺകുട്ടിയെ ഇയാൾ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തി. നിരവധി തവണ ഗുളികകൾ കഴിച്ച് അവശയായ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രിയാകർ ശിവമൂർത്തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.