മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിൽ പോലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ ജീവനൊടുക്കി. സത്താറയിലെ ഫൽട്ടൺ സബ് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്.(Repeatedly raped by Police officer, doctor commits suicide by writing a suicide note on her palm)
ആത്മഹത്യക്ക് മുൻപ് കൈപ്പത്തിയിൽ പോലീസുകാരനെതിരെ ഗുരുതര ആരോപണങ്ങൾ ഡോക്ടർ കുറിച്ച് വെച്ചിരുന്നു. അഞ്ചു മാസത്തിനിടെ നാലു തവണ ഗോപാൽ ബദ്നെ എന്ന എസ്.ഐ. തന്നെ ബലാത്സംഗം ചെയ്തതായി ഡോക്ടർ ആരോപിക്കുന്നു.
"എന്റെ മരണത്തിന് കാരണം പോലീസ് ഇൻസ്‌പെക്ടർ ഗോപാൽ ബദ്നെയാണ്. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ചു മാസത്തിലേറെയായി അയാൾ എന്നെ ബലാത്സംഗത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കി," എന്നാണ് ഡോക്ടറുടെ കൈപ്പത്തിയിലെ കുറിപ്പിൽ പറയുന്നത്. പോലീസുകാരന്റെ നിരന്തരമായ പീഡനമാണ് തന്നെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും അവർ പരാമർശിച്ചു.
കൈപ്പത്തിയിലെ കുറിപ്പിന് പുറമെ, ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപ് (ജൂൺ 19-ന്) ഫൽട്ടനിലെ സബ്-ഡിവിഷണൽ ഓഫീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് (ഡി.എസ്.പി) നൽകിയ കത്തിലും ഡോക്ടർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.
കത്തിൽ എസ്.ഐ. ബദ്നെ, സബ് ഡിവിഷണൽ പോലീസ് ഇൻസ്‌പെക്ടർ പാട്ടീൽ, അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ ലഡ്പുത്രെ എന്നിവർക്കെതിരെ ഡോക്ടർ ആരോപണമുന്നയിക്കുകയും നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും, ഗുരുതരമായ ഈ വിഷയം അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പരാതിയിൽ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
വ്യാഴാഴ്ച രാത്രി നടന്ന ഈ ആത്മഹത്യ മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഉത്തരവ് പ്രകാരം ആരോപണവിധേയനായ ഗോപാൽ ബദ്‌നെയെ സസ്പെൻഡ് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ സംഭവത്തിൽ ഇടപെടുകയും ഡോക്ടറുടെ പരാതിയിൽ നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.