'നായയല്ല, ചില വ്യക്തികളാണ് ഇവിടെ കടിക്കുന്നത്': പാർലമെൻ്റിൽ നായയുമായി എത്തി രേണുക ചൗധരി, വിവാദം | Dog

'നായയല്ല, ചില വ്യക്തികളാണ് ഇവിടെ കടിക്കുന്നത്': പാർലമെൻ്റിൽ നായയുമായി എത്തി രേണുക ചൗധരി, വിവാദം | Dog

അപകടം നടന്ന സ്ഥലത്തെ നായക്കുട്ടിയെ എം പി ഒപ്പം കൂട്ടിയതാണ്
Published on

ന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ കോൺഗ്രസ് എം.പി. രേണുക ചൗധരി നായയുമായി പാർലമെന്റിലെത്തിയ സംഭവം വിവാദമായി. ബി.ജെ.പി. നേതാക്കളുടെ വിമർശനങ്ങളോട് രേണുക ചൗധരി രൂക്ഷമായ ഭാഷയിൽ മറുപടി നൽകി.(Renuka Chowdhury brings dog to Parliament, creates controversy)

വിമർശനങ്ങളോട് "സർക്കാരിന് ഇതിൽ എന്താണ് കുഴപ്പം?" എന്ന മറുചോദ്യമാണ് രേണുക ചൗധരി ഉന്നയിച്ചത്. പാർലമെന്റിലേക്കുള്ള യാത്രാമധ്യേ അപകടം നടന്ന സ്ഥലത്ത് കണ്ട നായക്കുട്ടിയെ താൻ ഒപ്പം കൂട്ടിയതാണെന്നും, പിന്നീട് അതേ കാറിൽ തന്നെ നായയെ മടക്കി അയച്ചെന്നും അവർ വിശദീകരിച്ചു.

"ഞാൻ പാർലമെന്റിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് ഒരു കാറും സ്കൂട്ടറും കൂട്ടിയിടിച്ചത് കണ്ടത്. ഈ സ്ഥലത്താണ് റോഡിൽ ഒരു നായക്കുട്ടി അലഞ്ഞുതിരിയുന്നത് കണ്ടത്. താനതിനെ എടുത്ത് കാറിൽ കയറ്റി പാർലമെന്റിലേക്ക് വന്നു. ആ കാർ പോയി. അതിൽ തന്നെ നായയെയും തിരിച്ചയച്ചു. പിന്നെയെന്താണ് ഇങ്ങനെയൊരു ചർച്ചയുടെ ആവശ്യം?" പാർലമെന്റിനുള്ളിൽ നായ കടിക്കുമെന്ന് ആരെങ്കിലും ഭയക്കുന്നെങ്കിൽ, "നായയല്ല, ചില വ്യക്തികളാണ് ഇവിടെ കടിക്കുന്നവരെന്ന് ഓർക്കണമെന്നും" രേണുക ചൗധരി പറഞ്ഞു.

നായ എങ്ങനെയാണ് സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതെന്ന് ചോദിച്ച അവർ, പാർലമെന്റിനുള്ളിലേക്ക് നായക്ക് പാസ് നൽകണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് എം.പി.യുടെ നടപടിക്കെതിരെ ബി.ജെ.പി. എം.പി. ജഗദംബിക പാൽ രംഗത്തെത്തി. എം.പിമാർക്കുള്ള പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുകയാണ് കോൺഗ്രസ് എം.പി. എന്ന് അദ്ദേഹം ആരോപിച്ചു. പ്രത്യേക അവകാശങ്ങൾ നിയമം തെറ്റിക്കാനുള്ളതല്ല. വളർത്തുമൃഗങ്ങളെ പാർലമെന്റിനുള്ളിൽ കയറ്റാനുള്ളതല്ലെന്നും ജഗദംബിക പാൽ പ്രതികരിച്ചു.

Times Kerala
timeskerala.com