
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ചന്ദ്ര ബറോട്ട് (86) അന്തരിച്ചു. ബാന്ദ്രയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി പള്‍മണറി ഫൈബ്രോസിസ് എന്ന അസുഖവുമായി പോരാടുകയായിരുന്നു.
ടാന്‍സാനിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ ചന്ദ്ര ബറോട്ട്, മനോജ് കുമാറിന്റെ സംവിധാന സഹായിയായാണ് സിനിമയില്‍ എത്തിയത്. അമിതാഭ് ബച്ചന്റെ കള്‍ട്ട് ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഡോണ്‍ (1978) എന്ന ചിത്രം സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഡോണിലൂടെയാണ് അദ്ദേഹം ഒരു സ്വതന്ത്ര സംവിധായകനായത്. ഡോണിന്റെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ ബംഗാളിയില്‍ ആശ്രിത എന്ന പേരില്‍ ഒരു സിനിമ ചെയ്തു. പിന്നീട് ഏതാനും ഹിന്ദി ചിത്രങ്ങളും സംവിധാനം നിര്‍വഹിച്ചു. ഡോണിന് ശേഷം തുടങ്ങിവെച്ച രണ്ടുചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ചന്ദ്ര ബറോട്ടിന്റെ അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നരിമാന്‍ ഇറാനിയാണ് ഡോണ്‍ നിര്‍മിച്ചത്. അതിന് മുമ്പ് നിര്‍മിച്ച ചിത്രം ദയനീയമായി പരാജയപ്പെട്ടതിനെ തുടന്നുണ്ടായ കടങ്ങളില്‍ നിന്ന് നരിമാന്‍ ഇറാനിയെ കരകയറ്റാനായിരുന്നു ഡോണ്‍ നിര്‍മിച്ചതെന്ന് ചന്ദ്ര ബറോട്ട് മുമ്പ് പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിന് ആറ് മാസം മുമ്പ് നരിമാന്‍ ഇറാനി ഒരു അപകടത്തില്‍ മരിച്ചു.