ഓടുന്ന ട്രെയിനിൻ്റെ അടിയിൽ കിടന്ന് റീൽസ്; അതിരു വിടുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം | Reels lying under a moving train

യുവാക്കൾ അറസ്റ്റിൽ, കടുത്ത നിയമനടപടിക്ക് പൊലീസ്
Reels
Published on

ലക്‌നൗ: ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് റീൽസ് എടുക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർധിക്കുന്നുവെന്ന് വിമർശനം. റീലെടുക്കുന്നതിനായി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ടു യുവാക്കളുടെ അഭ്യാസ പ്രകടനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഉത്തർപ്രദേശിലെ ഉന്നാവിലും അസമിലെ സിൽച്ചാറിലുമാണ് യുവാക്കൾ ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് റീൽസ് വിഡിയോ ചിത്രീകരിച്ചത്.

ഉന്നാവിൽ കുസുംഭി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു ആദ്യത്തെ സംഭവം. ട്രെയിന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ മൊബൈലുമായി കമിഴ്ന്നു കിടക്കുന്ന യുവാവിനെയാണ് റീൽസിൽ ആദ്യം കാണിക്കുന്നത്. ഇത് ചിത്രീകരിക്കുന്നത് മറ്റൊരാളായിരുന്നു. പിന്നാലെ ട്രെയിന്‍ വരുന്നതും യുവാവിന് മുകളിലൂടെ കടന്നുപോകുന്നതും കാണാം. യുവാവ് ട്രെയിനിന്റെ അടിയിൽ കിടന്നുകൊണ്ട് ചിത്രീകരിച്ച ദൃശ്യങ്ങളും ഉൾപ്പെടുന്നതാണ് റീൽസ്. വിഡിയോ വൈറലായതോടെ ആർപിഎഫ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നാവോ ഹസൻഗഞ്ച് സ്വദേശിയായ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച സിൽച്ചാറിനു സമീപം രംഗ്പൂരിലാണ് രണ്ടാമത്തെ സംഭവം. ഹെയ്‌ൽകണ്ടിയിൽ നിന്നുള്ള 27കാരന്‍ പാപ്പുൽ ആലം ബർഭൂയയാണ് ട്രെയിനെത്തുന്നതിന് തൊട്ടുമുന്‍പ് ട്രാക്കില്‍ കിടന്ന് റീല്‍സ് ചിത്രീകരിച്ചത്. വിഡിയോ വൈറലായതിനെ തുടർന്ന് കടുത്ത നിയമനടപടിക്ക് ഒരുങ്ങുകയാണ് അസം പൊലീസ്.

Related Stories

No stories found.
Times Kerala
timeskerala.com