ഡൽഹി : ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതിയായ ഡോക്ടർ മുസാഫിറിനെതിരെ റെഡ് കോർണർ നോട്ടീസിനായി ജമ്മു കശ്മീർ പോലീസ് ഇന്റർപോളിനെ സമീപിച്ചു. നേരത്തെ അറസ്റ്റിലായ ആദിലിന്റെ സഹോദരനാണ് ഡോ. മുസാഫർ. ഓഗസ്റ്റിൽ ഇന്ത്യ വിട്ട ഇയാൾ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് ഏജൻസി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇയാൾക്കൊപ്പം ആണ് പ്രതികളിൽ ചിലർ തുർക്കിയിൽ പോയത്.
അതേ സമയം, ഡൽഹി കാർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ പ്രതികൾക്ക് ബന്ധമുള്ളതായി കണ്ടെത്തൽ. ദുബായിൽ താമസിക്കുന്ന ചിലർക്ക് ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരിൽ ചിലർ തുർക്കിയിലും പാക്കിസ്ഥാനിലും താമസിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.
ഡോ. ആദിൽ അഹമ്മദ് റാത്തറിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അന്വേഷണ സംഘത്തിന് പുതിയ സൂചന ലഭിച്ചത്. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ ഡോ. റാത്തർ ചോദ്യം ചെയ്യലിനിടെ, സഹോദരൻ മുസാഫർ റാത്തർ ദുബായിൽ എത്തുന്നതിന് 2 മാസം മുൻപ് പാക്കിസ്ഥാനിലേക്കു പോയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.