'ഇനി അറസ്റ്റിനുള്ള കാരണം എഴുതി നൽകണം, അല്ലാത്ത പക്ഷം അറസ്റ്റ് നിയമ വിരുദ്ധമാകും': നിർണായക വിധിയുമായി സുപ്രീം കോടതി | Arrest

ഇത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണ്.
Reason for arrest must be written and given, Supreme Court with crucial verdict
Published on

ന്യൂഡൽഹി: അറസ്റ്റിനുള്ള കാരണം എഴുതിനൽകണമെന്ന വ്യവസ്ഥ എല്ലാ കുറ്റകൃത്യങ്ങൾക്കും നിർബന്ധമാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിൽത്തന്നെ കാരണം എഴുതിനൽകണം. അല്ലാത്തപക്ഷം അറസ്റ്റും തുടർന്നുള്ള റിമാൻഡും നിയമവിരുദ്ധമാകും എന്നും കോടതി വ്യക്തമാക്കി.(Reason for arrest must be written and given, Supreme Court with crucial verdict)

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് ഉൾപ്പെട്ടതുമായ ബെഞ്ചാണ് വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്. മുംബൈയിൽ ആഡംബരക്കാറിടിച്ച് സ്‌കൂട്ടർയാത്രികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശിവസേനാ (ഷിന്ദേ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

2024 ജൂലായ് ഏഴിന് നടന്ന സംഭവത്തിൽ അറസ്റ്റിലായ മിഹിർ ഷായുടെ ഇടക്കാലജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ നിയമപരമായ നടപടിക്രമം പാലിക്കപ്പെട്ടിരുന്നില്ലെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി അറസ്റ്റിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെ മിഹിർ ഷാ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ വിധി.

നേരത്തെ, അറസ്റ്റിനുമുൻപ് കാരണം എഴുതിനൽകണമെന്ന നിബന്ധന കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA), സംഘടിത കുറ്റകൃത്യം തടയൽ നിയമം (UAPA) തുടങ്ങിയ കേസുകളിൽ മാത്രമാണ് നിർബന്ധമായിരുന്നത്. എന്നാൽ, ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള മുഴുവൻ കുറ്റങ്ങൾക്കും ഈ വ്യവസ്ഥ നിർബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കുറ്റം ഉടൻ എഴുതിനൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ കാരണം വാക്കാൽ അറിയിക്കാം. എന്നാൽ, റിമാൻഡ് നടപടികൾക്കായി മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കുന്നതിന് രണ്ടുമണിക്കൂർ മുൻപെങ്കിലും കാരണം എഴുതിനൽകണം. ഭരണഘടനയുടെ 22 (ഒന്ന്) അനുച്ഛേദപ്രകാരം അറസ്റ്റിനുള്ള കാരണം അറിയാനുള്ള വ്യക്തിയുടെ അവകാശം വെറുമൊരു ഔപചാരികത മാത്രമല്ലെന്ന് കോടതി പറഞ്ഞു. ഇത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണ്.

അറസ്റ്റിന്റെ കാരണം അറിയിക്കാതിരിക്കുന്നത് മൗലികാവകാശ ലംഘനമാണ്. അതുവഴി ഭരണഘടനയുടെ 21-ാം അനുച്ഛേദം നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാകും. ഈ വിധി രാജ്യത്തെ ക്രിമിനൽ നിയമനടപടികളിൽ സുതാര്യതയും പൗരാവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിൽ നിർണ്ണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com