മുംബൈ: വിപണിയുടെ പ്രതീക്ഷകൾ ശരിവെച്ചുകൊണ്ട് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആറംഗ പണനയ സമിതി ഏകകണ്ഠമായാണ് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചതെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.(RBI Keeps Repo Rate Unchanged At 5.25%, says Indian economy is stable)
അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആർ.ബി.ഐയുടെ നിർണ്ണായക പ്രഖ്യാപനം വന്നത്. വെടിനിർത്തൽ വാർത്തയെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ മുന്നേറ്റമാണ് ദൃശ്യമായത്. 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജി.ഡി.പി വളർച്ച 6.9 ശതമാനമായി കുറയുമെന്ന് ആർ.ബി.ഐ പ്രവചിക്കുന്നു. യുദ്ധം മൂലമുള്ള ആഗോള സാഹചര്യം കണക്കിലെടുത്താണിത്.
എസ്.ടി.എഫ് (STF) നിരക്ക് 5 ശതമാനമായും, എം.എസ്.എഫ് (MSF), ബാങ്ക് നിരക്കുകൾ എന്നിവ 5.5 ശതമാനമായും തുടരും. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 697.1 ബില്യൺ ഡോളർ എന്ന മികച്ച നിലയിലാണ്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (MSME) വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വ്യാപാര പ്ലാറ്റ്ഫോമുകളിൽ ഉൾപ്പെടുന്നതിനുള്ള ‘ഡ്യൂ ഡിലിജൻസ്’ നിബന്ധനകളിൽ ആർ.ബി.ഐ ഇളവ് വരുത്തി.
നാണയപ്പെരുപ്പം ആർ.ബി.ഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് താഴെയാണെങ്കിലും, ഭാവിയിൽ ഇത് ഉയരാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നത് കറന്റ് അക്കൗണ്ട് കമ്മി വർദ്ധിപ്പിച്ചേക്കാം. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഈ വർഷത്തെ സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കാമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യുദ്ധം സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ മാക്രോ ഇക്കണോമിക് ഘടകങ്ങൾ ശക്തമാണെന്നും സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം മാത്രമേ ഭാവിയിൽ നിരക്കുകളിൽ മാറ്റം വരുത്തുകയുള്ളൂ എന്നും ഗവർണർ വ്യക്തമാക്കി.

