'അർദ്ധരാത്രി 12.45, റാപ്പിഡോ ബൈക്കിന്‍റെ ചെയിൻ പൊട്ടി റോഡിൽ, ഒറ്റ മനുഷ്യനില്ല, എന്നിട്ടും...'; യുവതിയുടെ വീഡിയോ വൈറൽ | Rapido
റാപ്പിഡോ ഡ്രൈവര്‍മാരുടെ പീഡനകഥകളെ അപ്രസക്തമാക്കുന്നൊരു അനുവഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ അത് അവിശ്വസനീയമായ രീതിയില്‍ കാഴ്ചക്കാരെ സൃഷ്ടിച്ചു. ആശ മാനെ എന്ന ബെംഗളൂരു യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ റാപ്പിഡോ ഡ്രൈവറുമൊത്തുള്ള തന്‍റെ അവിസ്മരണീയ യാത്രയുടെ വീഡിയോ പങ്കുവച്ചത്. അര്‍ദ്ധ രാത്രയിലെ റാപ്പിഡോ യാത്രയ്ക്കിടെ ബൈക്ക് കേടായപ്പോൾ. അത് ശരിയാക്കി തന്നെ വീട്ടിലെത്തിച്ച റാപ്പിഡോ ഡ്രൈവർ തന്‍റെ യാത്ര അവിസ്മരണീയമാക്കിയെന്നും അവര്‍ കുറിച്ചു. (Rapido)
രാത്രിയോടെയാണ് വീട്ടിലേക്കുള്ള റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തത്. അപ്പോൾ സമയം 11.45. തന്‍റെ ഫോൺ ബാറ്ററി വെറും 6 ശതമാനം മാത്രം. 38 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനുണ്ട്. വേഗത്തില്‍ തന്നെ വീട്ടിലെത്തിക്കാമോയെന്ന് റാപ്പിഡോ ഡ്രൈവറോട് തിരക്കിയെന്ന് യുവതി എഴുതുന്നു. അതനുസരിച്ച് യാത്ര തുടർന്നു. എന്നാല്‍ റോഡിലെ ഒരു കുഴിയില്‍ ബൈക്ക് വീണതും ബൈക്കിന്‍റെ ചെയിന്‍ പൊട്ടി. അര്‍ദ്ധരാത്രിയില്‍ ഒരൊറ്റ കട പോലും തുറന്നിട്ടില്ലാത്ത ഒരൊറ്റ മനുഷ്യന്‍ പോലും വഴിയിലില്ലാത്ത ആ റോഡില്‍ താന്‍ പെട്ട് പോയെന്ന് അവർ കരുതി. യുവതിയുടെ ഭയം കണ്ട് റാപ്പിഡോ ഡ്രൈവർ. ഭയക്കേണ്ടെന്നും പ്രശ്നം പരിഹരിക്കുമെന്നും യുവതിയെ വീട്ടിലെത്തിക്കുമെന്നും റാപ്പിഡോ ഡ്രൈവർ ആശയ്ക്ക് വാക്കുനല്‍കി.
ആ വാക്ക് വിശ്വസിച്ച് ഫോണിലെ അവസാന ബാറ്ററിയില്‍ ടോർച്ച് തെളിയിച്ച് അവര്‍ റാപ്പിഡോ ഡ്രൈവര്‍ക്ക് വെളിച്ചം നല്‍കി. ആ വെളിച്ചത്തില്‍ അദ്ദേഹം ബൈക്കിന്‍റെ ചെയിന്‍ ശരിയാക്കി. അവർ വീണ്ടും യാത്ര തുടർന്നു. ഒടുവില്‍ ഒരു മണിയോടെ താന്‍ വീട്ടിലെത്തിയെന്നും ആശ തന്‍റെ വീഡിയോയില്‍ കുറിച്ചു. "പരാതികളൊന്നുമില്ല, നിരാശയുമില്ല... അർദ്ധരാത്രിയിൽ രണ്ട് അപരിചിതർ തമ്മിലുള്ള നിശബ്ദമായ ടീം വർക്ക്," ആശ വൈകാരികമായി തന്‍റെ കുറിപ്പിലെഴുതി. ആയിരം മോശം അനുഭവങ്ങളിൽ, ആളുകളിലും, സുരക്ഷയിലും, മനുഷ്യത്വത്തിലും നിങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്ന ചുരുക്കം ചിലരുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആശയുടെ വീഡിയോ ഇതിനകം 54 ലക്ഷം പേരാണ് കണ്ടത്. ആശ തന്‍റെ വീഡിയോ റാപ്പിഡോയെ ടാഗ് ചെയ്തു. പിന്നാലെ റാപ്പിഡോ തന്നെ പ്രതികരണവുമായി ആദ്യമെത്തി. എല്ലാ നായകന്മാരും തൊപ്പികൾ ധരിക്കാറില്ലെന്നും ചിലർ പുലർച്ചെ 12:50 ന് തെരുവുവിളക്കിനു കീഴിൽ ചെയിനുകൾ ഉറപ്പിച്ചിട്ടും നിങ്ങൾ സുരക്ഷിതമായി വീട്ടിലെത്തുന്നുവെന്ന് ഉറപ്പാക്കുന്നു. മനുഷ്യത്വത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഈ നിമിഷം പങ്കിട്ടതിന് നന്ദി. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും റാപ്പിഡോ മറുകുറിപ്പിലെഴുതി. ഈ കഥ അസാധാരണമാണെന്നും മറ്റുള്ളവര്‍ക്കും അത് പ്രയോജനം ചെയ്യട്ടെയെന്നും നിരവധി പേരാണ് കുറിച്ചത്. ഒരുപാട് പേര്‍ റാപ്പിഡോ ഡ്രൈവര്‍ക്ക് അർഹമായത് ലഭിക്കട്ടെയെന്ന് ആശംസിച്ചു.
