കബഡി താരം റാണ ബാലചൗരിയയുടെ കൊലപാതകം: പ്രതി കരൺ പഥക് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു | Rana Balachauria murder case updates

 Rana Balachauria murder case updates
Updated on

മൊഹാലി: പ്രമുഖ കബഡി താരവും സംഘാടകനുമായ കൻവർ ദിഗ്‌വിജയ് സിംഗ് (റാണ ബാലചൗരിയ) കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. അമൃത്സർ സ്വദേശിയായ കരൺ പഥക് (കരൺ ഡിഫോൾട്ടർ) ആണ് ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് വിശദീകരിക്കുന്നു.

അറസ്റ്റിലായിരുന്ന കരൺ പഥക്കിന് ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പൊലീസ് ജീപ്പ് അപകടത്തിൽപ്പെടുകയും പ്രതി തക്കം നോക്കി രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ നടത്തിയ തിരച്ചിലിനിടെ ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് കരൺ പഥക് കൊല്ലപ്പെട്ടത്. എന്നാൽ, കസ്റ്റഡിയിൽ ഇരുന്ന പ്രതിക്ക് തോക്ക് എങ്ങനെ ലഭിച്ചു എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.

ഈ കേസിലെ മറ്റൊരു പ്രതിയായ ഹർപീന്ദർ സിംഗ് (മിദ്ധി) കഴിഞ്ഞ ഡിസംബർ 18-ന് സമാനമായ രീതിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ഡെറാബസ്സിയിലെ ലേഹ്ലി ഗ്രാമത്തിൽ വെച്ച് നടന്ന ഏറ്റുമുട്ടലിലായിരുന്നു മിദ്ധി കൊല്ലപ്പെട്ടത്.

2025 ഡിസംബർ 15-ന് മൊഹാലി സോഹാനയിൽ നടന്ന കബഡി ടൂർണമെന്റിനിടെയാണ് 30-കാരനായ റാണ ബാലചൗരിയ വെടിയേറ്റ് മരിച്ചത്. കബഡി മേഖലയിലെ ആധിപത്യം ഉറപ്പിക്കാനുള്ള ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
Times Kerala
timeskerala.com