
ജാക്ക് ദി റിപ്പർ എന്ന പേര് കേൾക്കാത്തവർ ചുരുക്കമാണ്. 1800 കളിൽ ലണ്ടൻ തെരുവുകളിൽ തേർവാഴ്ച്ച നടത്തിയ അജ്ഞാത കൊലയാളി. ജാക്ക് ദി റിപ്പർ എന്ന അജ്ഞാത കൊലയാളിയുടെ പേരിനോട് പിൻപറ്റി കുപ്രസിദ്ധനായ ഒരു കൊലയാളിയുണ്ട് ഇന്ത്യയിൽ. ഇരകളുടെ തലയോട്ടി അടിച്ചു തകർത്ത കൊലയാളി. ഇരകളുടെ ശരീരത്തിൽ നിന്നും വാർന്നൊഴുകുന്ന രക്തം കണ്ട് ആനന്ദം കണ്ടെത്തിയ നീചൻ. ഇന്ത്യയുടെ ജാക്ക് ദി റിപ്പർ (Jack the Ripper of India) എന്ന കുപ്രസിദ്ധി നേടിയ കൊലയാളി, രാമൻ രാഘവൻ (Raman Raghav). മൂന്ന് വർഷക്കാലം മുംബൈ നഗരത്തിന്റെ സമാധാനവും ഉറക്കവും കവർന്ന കൊലയാളി.
1968 ജൂലൈ, വടക്കൻ മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡ് (Malad), ഉറുദു അദ്ധ്യാപകനായ അബ്ദുൽ കരിം, ജോലി കഴിഞ്ഞ് എന്നത്തേയും പോലെ അയാളുടെ ആ കൊച്ചു കുടിലിൽ മടങ്ങിയെത്തുന്നു. പതിവുപോലെ ഡയറി എഴുതിവച്ചശേഷം നിസ്കാരവും കഴിഞ്ഞ് അയാൾ ഉറങ്ങാൻ കിടന്നു. തൊട്ടടുത്ത ദിവസം രാവിലെ, അബ്ദുൽ കരീമിന് നിത്യവും ചായ കൊണ്ട് കൊടുക്കാറുള്ള ആ പയ്യൻ അന്നും പതിവ് തെറ്റാതെ എത്തിയിരുന്നു. പല തവണ വാതിലിൽ മുട്ടി വിളിച്ചുവെങ്കിലും യാതൊരു മറുപടിയും ലഭിക്കുന്നില്ല, അതോടെ വാതിൽ തുറക്കാനുള്ള ശ്രമം ആ പയ്യൻ തുടങ്ങി. അധികം പ്രയാസപ്പെടേണ്ടി വന്നില്ല വാതിൽ താനെ തുറന്നു. വാതിൽ തുറന്നപ്പോൾ ഉണ്ടായ ആ ചെറിയ വിടവിലൂടെ അവൻ അകത്തേക്ക് ഒന്നും എത്തി നോകി. എന്നാൽ അകത്തെ കാഴ്ച കണ്ട് വല്ലാതെ പേടിച്ച, ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് അവൻ ഓടി. ആ പയ്യന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. അവനോടു നാട്ടുകാർ കാര്യം തിരക്കി. അബ്ദുൽ കരിമിന്റെ വീട്ടിലേക്ക് അവൻ വിരൽ ചുണ്ടിയതേ ഉള്ളു. വായ തുറന്നു ഒന്നും പറയാൻ പറ്റാത്ത രീതിയിൽ അവൻ എന്തോ കണ്ട് ഭയന്നതാണ് എന്ന് നാട്ടുകാർക്ക് ബോധ്യമായി.
നാട്ടുകാരിൽ ചിലർ അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് കടന്നു. അവിടെ അവരെ കാത്തിരുന്നത് അബ്ദുൽ കരീമിന്റെ പൊട്ടിച്ചിതറിയ തലയായിരുന്നു. വലത്തേ കവിളെല്ലിനു മുകൾഭാഗത്തായി തലയോട്ടിശക്തിയുള്ള ഏതോ ആയുധം കൊണ്ട് അടിച്ചുപൊട്ടിച്ച നിലയിൽ. തല ചിന്നിചിതറിയിരിക്കുന്നു. ആ വിടവിലൂടെ തലച്ചോറും, മാംസവും, രക്തധമനികളും, പുറത്തേക്കു ചാടിയ നിലയിൽ. കട്ടിലിൽ രക്തം തളം കെട്ടി കിടക്കുന്നു.
നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസിന് ഒരു കാര്യം വ്യക്തമായി മോഷണശ്രമത്തിനിടയിലാണ് അബ്ദുൽ കരിം കൊല്ലപ്പെട്ടിരിക്കുന്നത്. കുടിൽ മുഴുവൻ കൊലയാളി അരിച്ചുപെറുക്കിയതിന്റെ ലക്ഷണങ്ങളും തീർത്തും വ്യക്തം. അബ്ദുൽ കരിമിന്റെ ജൂബയിൽ ഉണ്ടായിരുന്ന പൈസയും, ഒരു വാച്ചും, പിന്നെ ഒരു കുടയുമാണ് മോഷണം പോയിരിക്കുന്നത്. സാക്ഷികളാരുമില്ല, തെളിവുകളൊന്നുമില്ല, കൊല്ലപ്പെട്ടതോ ഒരു സാധാരണക്കാരൻ. പോലീസ് ആദ്യം ദിവസം കൊണ്ട് തന്നെ ആ കേസ് മൂടിക്കെട്ടി.
അബ്ദുൽ കരിം കൊല്ലപ്പെട്ട് ഏതാനം ദിവസങ്ങൾ കഴിഞ്ഞിട്ടേയുള്ളു. സമാനരീതിയിൽ മറ്റൊരു കൊലപാതകം കൂടി അരങ്ങേറുന്നു. 54 കാരനായ യാദവ് തന്റെ കുടിലിൽ ഉറങ്ങികിടക്കവേ ആരോ അയാളെയും കൊന്നിരിക്കുന്നു. കവിൾ എല്ലിനുമുകളിൽ തലയോട്ടി അടിച്ചു തകർത്തിരിക്കുന്നു. യാധവിന്റെ കുടിലിൽ നിന്നും മോഷണം നടന്നിരിക്കുന്നു. ഈ കൊലയും പോലീസ് നിസാരം എന്ന മട്ടിൽ തള്ളി കളഞ്ഞു. ഇങ്ങനെ, അബ്ദുൽ കരിമും യാദവും കൊല്ലപ്പെട്ടത് പോലെ നിരവധി പേർ മുംബൈ നഗരത്തിൽ കൊല്ലപ്പെട്ടു. ആര് ? എന്തിനു വേണ്ടി ? എന്നീ ചോദ്യങ്ങൾ അവശേഷിപ്പിച്ച് കൊലയാളി ഇരുട്ടിൽ തന്നെ തുടർന്നു. ഇരുട്ടിന്റെ മറവിൽ ഇരകളുടെ വീട് കയറി അവരെ കൊലപ്പെടുത്തിയ കൊലയാളിക്ക് ജനങ്ങൾ പല വിശേഷങ്ങൾ നൽകി, മന്ത്രവാദി, അദൃശ്യ ശക്തി. ഇനി അയാളുടെ കൈലിൽ നിന്നും രക്ഷപ്പെട്ടവർ പറഞ്ഞതോ.. പൂട്ടിയിട്ട് വാതിലുകൾ പോലും ആ കൊലയാളിക്ക് മുന്നിൽ താനെ തുറക്കപ്പെടും എന്ന്.
ഓഗസ്റ്റ് 11, പുലർച്ചെ രണ്ടു മണി. രൂപയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ അലർച്ച കേട്ടാണ് ബന്ധു മാലുബായി ഞെട്ടിയുണർന്നത്. നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ കാരണം അവർ ഉടൻ തന്നെ അങ്ങോട്ടേക്ക് ഓടിപ്പോകുന്നു. വീടിന്റെ വാതിൽ തുറന്ന അകത്തു കടന്ന അവർ കാണുന്നത് നിലത്ത് തലയോട്ടി പൊട്ടി രക്തം വാർന്നൊലിക്കുന്ന രൂപയെയും ഭർത്താവിനെയും അവരുടെ പിഞ്ചു കുഞ്ഞിനേയുമാണ്. കുഞ്ഞെന്ന് പരിഗണ പോലും നൽകാതെ ആ കുഞ്ഞിന്റെ തലയും അടിച്ചുപൊട്ടിച്ചിരിക്കുന്നു. രൂപയും കുഞ്ഞും സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഭർത്താവ് കമ്മയ്ക്ക് ജീവൻ ഉണ്ടായിരുന്നു. എന്നാൽ തലയ്ക്ക് ഏറ്റ അടി കാരണം അയാൾക്ക് ഓർമ്മ പൂർണ്ണമായും നഷ്ട്ടപ്പെട്ടിരുന്നു. രൂപയുടെയും കുഞ്ഞിന്റെയും മരണവാർത്ത കാട്ടുതീ പോലെ പടർന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. രക്തം പുരണ്ട ഒരു ഇരുമ്പ് ദണ്ഡ് രൂപയുടെ വീട്ടിൽ നിന്നും കണ്ടുകിട്ടുന്നു. കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന ദണ്ഡ് ലഭ്യമായതോടെ, മുംബൈയിൽ ഒന്നിന് പിറകെ ഒന്നായി അരങ്ങേറിയ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലറാണ് എന്ന് നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നത്. സമാനായ കേസുകൾ പോലീസ് കൂട്ടിച്ചേർത്ത് അന്വേഷണം ആരംഭിച്ചു.
ഇരകളുടെ തലകൾ അടിച്ചുപൊട്ടിക്കുന്ന സീരിയൽ കില്ലേറിന്റെ വാർത്ത കാട്ടുതീപോലെ മുംബൈ എങ്ങും കത്തി പടർന്നു. ജനങ്ങൾ രാത്രികാലങ്ങൾ ഉറങ്ങാതെ സ്വന്തം വീടുകളിൽ കാവലിരുന്നു. രാത്രിയിൽ തെരുവുകൾ വിജനമായി. വീണ്ടും കൊലപാതകങ്ങൾ തുടർകഥയായി. ഓഗസ്‍റ്റ് 15 രാത്രി, കാന്തിവിലി ഈസ്റ്റിലെ ഹനുമാൻ നഗറിൽ സ്വന്തം കുടിലിൽ വച്ച് ഒരു അധ്യാപകനെ പിന്നെയും ആ അജ്ഞാത കൊലയാളി കൊന്നിരിക്കുന്നു. ആ വീട്ടിലും മോഷണം നടന്നിരിക്കുന്നു, റിസ്റ്റ് വാച്ചും രണ്ടു ഫൗണ്ടൻപേനകളും, ഒരു കുപ്പിനെയ്യുമാണ് മോഷണം പോയത്.
ഒടുവിൽ മുംബൈ സിറ്റി പൊലീസ് കമ്മീഷണർ ഇമ്മാനുവൽ സുമിത്രാ മൊഡാകിന്റെ നേതൃത്വത്തിലുള്ള സംഘം കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുക്കുന്നു. തുടർ ചർച്ചകൾ വിളിച്ചു കൂട്ടി, സംഭവ സ്ഥലങ്ങൾ വീണ്ടും വീണ്ടും പരിശോധിച്ചു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും പോലീസിന് ലഭിക്കുന്നില്ല. ഒടുവിൽ പോലീസിന് മുന്നിൽ ആ പേര് തെളിയുന്നു, രാമൻ രാഘവൻ. 1965 ൽ നിലവിലെ കൊലപാതക പാരമ്പരകൾക്ക് സമാനമായ രീതിയിൽ ഏതാനം മനുഷ്യർ കൊല്ലപ്പെട്ടിരുന്നു. അന്ന് പ്രതികൾ എന്ന് സംശയിച്ചവരുടെ പട്ടികയിൽ രാമൻ രാഘവൻ എന്ന വ്യക്തിയും ഉൾപ്പെട്ടിരുന്നു.
രാമൻ രാഘവൻ, 1951 ൽ കൊലപാതക കുറ്റത്തിന് അഞ്ചു വർഷം ജയിൽശിക്ഷ അയാൾ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ രാമൻ എവിടെയാണ് എന്ന് പോലീസുകാർക്ക് പോലും അറിയില്ല. പല പല കുറ്റകൃത്യങ്ങൾക്ക് പലതവണ അയാൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. എന്നാൽ അന്ന് ഒന്നും വലിയ ശിക്ഷയൊന്നും അയാൾക്ക് മേൽ ചുമത്തിയിരുന്നില്ല. രാമന്റെ ക്രിമിനൽ പശ്ചാത്തലം കേട്ട പൊലീസ് കമ്മീഷണർ ഇമ്മാനുവൽ സുമിത്രാ അയാളെ കുറിച്ച് ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ശേഖരിക്കുവാൻ ആവശ്യപ്പെടുന്നു. അങ്ങനെ മുംബൈയെ വിറപ്പിച്ച കൊലയാളി രാമൻ ആകുമോ എന്ന സംശയത്തിൽ പോലീസ് അയാളെ തേടി നാടൊട്ടുക്ക് അന്വേഷണം നടത്തി. രണ്ടായിരത്തിൽ അധികം പോലീസുകാർ രാമനെ തേടിയിറങ്ങി, അവരെ സഹായിക്കുവാൻ പൊതുജനങ്ങളും. പോലീസിന്റെ സംശയങ്ങൾ അകറ്റി കൊണ്ട് നാടിനെ നടുക്കി അടുത്ത കൊലപാതകവും അരങ്ങേറി. കൊലപാതകം അരങ്ങേറിയ കുടിലിൽ നിന്നും ലഭിച്ച വിരലടയാളങ്ങൾ രാമൻ രാഘവന്റേതാണ് എന്ന് തെളിയുന്നു. അതോടെ, അയാൾ താമസിക്കുവാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തി.
ഒടുവിൽ ‘ശർമ്മാഭയ്യായുടെ ചോൾ ' എന്ന ലോഡ്ജിൽ പോലീസ് എത്തിച്ചേരുന്നു. അവിടെ ഒരു മുറിയിൽ രാമൻ താമസിച്ചിരുന്നതായി വിവരം കിട്ടിയിരുന്നു. ലോഡ്ജിലും പരിസര പ്രദേശത്തുമായി പോലീസ് പലരോടു രാമന്റെ ഫോട്ടോ കാട്ടി അയാളെ അറിയാമോ എന്ന് ചോദിക്കുന്നു. അത്ര കണ്ട് തൃപ്തരായിരുന്നില്ല അവരിൽ നിന്നും ലഭിച്ച മറുപടികൾ. എന്നാൽ മഞ്ജുളാബായി എന്ന യുവതി രാമൻ രാഘവന്റെ ചിത്രം തിരിച്ചറിയുന്നു. അയാളെ പറ്റി കൂടുതൽ തിരക്കിയപ്പോൾ - തൊട്ടു മുൻപുള്ള ദിവസം കണ്ടിരുന്നു എന്ന മറുപടിയാണ് അവൾ നൽകിയത്.
"നീല ഷർട്ടാണിട്ടിരുന്നത്. കാക്കിനിക്കറും. കാലിൽ ചെമ്മണ്ണിന്റെ നിറമുള്ള കാൻവാസ് ഷൂസുമുണ്ട്, താടിമീശയൊക്കെ ഷേവ് ചെയ്തിട്ടുണ്ട്".
അങ്ങനെ, നീല ഷർട്ടുകാരനെ തപ്പി പോലീസ് ഇറങ്ങി. 1968, ഓഗസ്റ്റ് 27. പതിവ് പോലെ ഡോംഗ്രി പോലീസ് സ്‍റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അലക്സാണ്ടർ ഫിയാലോ പെട്രോളിങ്ങിനു ഇറങ്ങി. പാതി വഴിയിൽ എത്തിയപ്പോൾ മുടി നീട്ടി വളർത്തിയ, നീല ഷർട്ടും, കാക്കിനിക്കറും ധരിച്ച ആ മനുഷ്യനെ കാണുന്നത്. മണിക്കൂറുകൾക്ക് മുൻപ് തന്റെ വയർലെസ് സെറ്റിൽ ലഭിച്ച സന്ദേശത്തിൽ പറയുന്ന കൊലയാളിയുടെ രൂപ സാദൃശ്യം. പിന്നെ ഒട്ടും വൈകിയില്ല ഫിയാലോ അയാളെ അടുത്തേക്ക് വിളിച്ചു വരുത്തി. വിവരം തിരക്കി.
"നിൽക്ക്, നിന്റെ പേര് എന്താ ? എവിടേക്ക് പോകുന്നു?"
"ഞാൻ ആനന്ദ് ദോഗ്രി ക്ഷേത്രത്തിൽ തൊഴാൻ പോകുന്നു"
"നീ ഒന്ന് വന്നേ, നിന്നോട് ചിലതൊക്കെ ചോദിക്കാൻ ഉണ്ട്"
ഫിയാലോ ആ നീല ഷർട്ടുകാരനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി. സ്റ്റേഷനിൽ എത്തി അഞ്ചു മിനിറ്റു പോലും തികഞ്ഞില്ല ആ നീല ഷർട്ടുകാരൻ പറഞ്ഞു,
സ്വതം പേരിനു പിന്നാലെ കൊലപാതക പാരമ്പരകളെ പറ്റിയും അയാൾ തുറന്നു പറയുന്നു. മേലുദ്യോഗസ്ഥർ എത്തി രാമൻ രാഘവനെ വിശദമായി ചോദ്യം ചെയുന്നു. 40 കൊലപാതകം, എണ്ണിയാൽ ഒടുങ്ങാത്ത മോഷണ ശ്രമങ്ങൾ, കൊലപാതക ശ്രമങ്ങൾ. എല്ലാം അയാൾ സമ്മതിക്കുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ ഈ സത്യങ്ങൾ തുറന്നു പറയുന്നത് എന്ന് ചോദ്യം പൊലീസ് ഉന്നയിച്ചപ്പോൾ അയാൾ നൽകിയ മറുപടി - " ആ മുകളിലുള്ളവന്റെ ആജ്ഞ " എന്നതായിരുന്നു. രാമൻ രാഘവൻ തന്നെയാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പൊലീസിന് കാട്ടികൊടുക്കുന്നു. കോടതിയിലും അയാൾ കുറ്റങ്ങൾ എല്ലാം സമ്മതിക്കുന്നു. 29 കൊലപതകങ്ങൾക്ക് രാമൻ രാഘവൻ പ്രതിയാണ് എന്ന് തെളിയിക്കപ്പെടുന്ന. കോടതി അയാളെ വധശിക്ഷയ്ക്ക് വിധിച്ചു, പിൽകാലത്ത് വധശിക്ഷ എന്നത് ജീവപര്യന്തമായി ചുരുങ്ങിയിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്നു എന്ന് കാട്ടിയാണ് ഈ നടപടി. 1995ൽ ഇരു കിഡ്നികളുടെയും പ്രവർത്തനം നിലച്ച അയാൾ മരണപ്പെട്ടു.