ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരിന്റെ 'കുത്തക മാതൃക'യാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിച്ച് കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പൊതുജനങ്ങളുടെ വിഷയമാണെന്നും പറഞ്ഞ മന്ത്രി, രാഹുൽ ഗാന്ധി പൂർണമായ വിവരങ്ങളോടെ സംസാരിക്കുന്നത് നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.(Ram Mohan Naidu on IndiGo crisis against Rahul Gandhi's remarks)
"വ്യോമയാന മേഖലയിൽ കൂടുതൽ മത്സരം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. ലീസിങ് ചെലവുകൾ കുറയ്ക്കുന്നതിനും കൂടുതൽ വിമാനങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഞങ്ങൾ നിയമനിർമാണം നടത്തി. രാജ്യത്ത് വിമാനയാത്രയുടെ ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ മേഖലയിലേക്ക് കൂടുതൽ കമ്പനികൾക്ക് പ്രവേശിക്കാൻ ഇതൊരു അവസരമാണ്. സർക്കാരും ഇത് ആഗ്രഹിക്കുന്നു," നായിഡു പറഞ്ഞു.
വിമാനങ്ങൾ റദ്ദാക്കുന്നതിലേക്കും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതിലേക്കും നയിച്ച ഇൻഡിഗോ പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് രാഹുൽ ഗാന്ധി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. "ഇൻഡിഗോയുടെ പരാജയം ഈ സർക്കാരിന്റെ കുത്തക മാതൃകയ്ക്ക് സാധാരണക്കാരായ ഇന്ത്യക്കാർ നൽകേണ്ടിവരുന്ന വിലയാണ്," രാഹുൽ തന്റെ എക്സ് പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇതിനാണ് മറുപടിയായി, രാഹുൽ ഗാന്ധി പൂർണ്ണമായ വിവരങ്ങളോടെ സംസാരിക്കുന്നത് നന്നായിരിക്കും എന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചത്.