ചെന്നൈ : നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ റാലി വൻ ദുരന്തമായി മാറിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പിന് പിന്നാലെ. റാലിയിൽ ഇത്രയേറെ ജനം അണിനിരക്കുന്നത് അപകടത്തിന് കാരണമാകില്ലേയെന്നും ആളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താകുമെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ചോദിച്ചിരുന്നു.
എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതി അന്ന് ചോദിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമർശനം. അന്നത്തെ റാലിയിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇത്തരം റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിലിൽ നിന്നും പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരമെന്നോണം മുൻകൂറായി പണം വാങ്ങാൻ സർക്കാരിന് കോടതി നിർദേശം നൽകിയത്.
അതേ സമയം, ഇന്ന് കരൂരിൽ സംഘടിപ്പിച്ച റാലിയിൽ വലിയ ജനസാഗരമാണ് ഒഴുകിയെത്തിയത്. ഈ ജനക്കൂട്ടത്തിനിടയിലൂടെ ഒരു വലിയ ബസിന് മുകളിൽ നിന്നാണ് വിജയ് സംസാരിച്ചത്.റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ആറ് കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടെ 34 പേരുടെ മരണം സ്ഥിരീകരിച്ചു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. 58 പേർ പരുക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.