'ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ തയാർ': പാക് ആണവ പരീക്ഷണം സംബന്ധിച്ച ട്രംപിൻ്റെ പ്രസ്താവനയോട് പ്രതികരിച്ച് രാജ്‌നാഥ് സിങ് | Trump
ന്യൂഡൽഹി: പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യം ‘ഏത് സാഹചര്യത്തെയും’ നേരിടാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.(Rajnath Singh responds to Trump's statement on Pakistan's nuclear test)
ട്രംപിന്റെ പ്രസ്താവനയെ നിസ്സാരവൽക്കരിച്ചുകൊണ്ടായിരുന്നു രാജ്‌നാഥ് സിങ്ങിൻ്റെ പ്രതികരണം. "അത്തരം റിപ്പോർട്ടുകളിൽ ഇന്ത്യ പരിഭ്രാന്തരാകില്ല. ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകാം. നമുക്ക് അവരെ തടയാൻ കഴിയുമോ? ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം തയാറാണ്" – രാജ്‌നാഥ് സിങ് പറഞ്ഞു.
പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്താൻ ഒരുങ്ങിയാൽ ഇന്ത്യയും പരീക്ഷണം നടത്തുമോ എന്ന ചോദ്യത്തിന്, "അവർ അത് ചെയ്യുന്നുണ്ടോ എന്ന് നമുക്ക് ആദ്യം നോക്കാം" എന്നായിരുന്നു മന്ത്രിയുടെ മറുപടി.
യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. യു.എസ്. മൂന്ന് പതിറ്റാണ്ടിലേറെയായി ആണവ പരീക്ഷണം നടത്താതെ വിട്ടുനിന്നപ്പോൾ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ ആണവ പരീക്ഷണങ്ങൾ തുടരുന്നുണ്ടെന്നാണ് ട്രംപ് പറഞ്ഞത്.
പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ആണവായുധം പരീക്ഷിക്കുന്നതു കൊണ്ട് യു.എസും പരീക്ഷണം നടത്താൻ പോകുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിൻ്റെ ഈ വാദം പാക്കിസ്ഥാൻ തള്ളിയിരുന്നു.
