ന്യൂഡൽഹി: ഗഗൻയാൻ ദൗത്യം ആത്മനിർഭർ ഭാരതിന്റെ യാത്രയിലെ ഒരു "പുതിയ അധ്യായത്തെ" പ്രതീകപ്പെടുത്തുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച പറഞ്ഞു. ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയെയും മറ്റ് മൂന്ന് തിരഞ്ഞെടുത്ത ഗഗന്യാത്രികളെയും അദേഹം "രത്നങ്ങൾ" എന്ന് വിളിച്ചു.(Rajnath Singh on Gaganyaan mission)
സുബ്രതോ പാർക്കിൽ ഇന്ത്യൻ വ്യോമസേന സംഘടിപ്പിച്ച ഒരു പരിപാടിയിൽ, രാജ്‌നാഥ് സിംഗ് നാല് ബഹിരാകാശ യാത്രികരെ ആദരിച്ചു.ശുഭാൻഷു ശുക്ല പങ്കെടുത്ത വിജയകരമായ ആക്സിയം 4 ദൗത്യത്തിന് ശേഷമാണ് ചടങ്ങ്. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികൾ.
2024 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇവരുടെ പേരുകൾ ആദ്യമായി വെളിപ്പെടുത്തിയത്. 2018 ൽ മോദി ഔദ്യോഗികമായി പ്രഖ്യാപിച്ച ഗഗൻയാൻ പദ്ധതി, 2027 ൽ മൂന്ന് ദിവസത്തെ ദൗത്യത്തിനായി 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് മൂന്ന് അംഗ സംഘത്തെ അയയ്ക്കാൻ ലക്ഷ്യമിടുന്നു.