

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ മോഷണത്തിനായി വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എക്‌സ്‌ഹോസ്റ്റ് ഫാൻ ഹോളിൽ കുടുങ്ങി. കോട്ട സ്വദേശിയായ സുഭാഷ് കുമാർ റാവത്തിന്റെ വീട്ടിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന ഈ വിചിത്ര സംഭവം നടന്നത്.
ജനുവരി 3-ന് സുഭാഷ് കുമാറും കുടുംബവും ഒരു യാത്ര പോയതായിരുന്നു. ഈ സമയത്താണ് രണ്ട് കള്ളന്മാർ വീട് ലക്ഷ്യമിട്ടെത്തിയത്. ഒരാൾ വീടിന് പുറത്ത് കാവൽ നിന്നപ്പോൾ മറ്റൊരാൾ അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ചെറിയ ദ്വാരത്തിലൂടെ അകത്തുകടക്കാൻ ശ്രമിച്ചു. എന്നാൽ പാതിവഴിയിൽ ഇയാൾ ഈ ദ്വാരത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു.
ഞായറാഴ്ച രാത്രി കുടുംബം യാത്ര കഴിഞ്ഞ് മടങ്ങിയെത്തി. വീടിന് മുന്നിൽ ഇരുചക്രവാഹനം നിർത്തിയപ്പോൾ അതിന്റെ വെളിച്ചം അടുക്കളയുടെ ജനാലയിലേക്ക് വീണു. അവിടെ ഒരാളുടെ കാലുകൾ തൂങ്ങിക്കിടക്കുന്നത് കണ്ട് വീട്ടുകാർ ഞെട്ടിപ്പോയി. ഉടൻ തന്നെ അവർ പോലീസിൽ വിവരമറിയിച്ചു.
പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭിത്തിയുടെ ഭാഗം നീക്കം ചെയ്ത് യുവാവിനെ പുറത്തെടുത്തത്. പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നെന്നും വീട്ടുകാരെ കണ്ട ഉടനെ അയാൾ ഓടി രക്ഷപ്പെട്ടെന്നും വ്യക്തമായത്.
പിടിക്കപ്പെടാതിരിക്കാൻ ഇവർ എത്തിയ വാഹനത്തിൽ 'പോലീസ്' സ്റ്റിക്കറുകൾ ഒട്ടിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.
യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് കൂട്ടുപ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മോഷണശ്രമത്തിനിടെയുണ്ടായ ഈ അപൂർവ്വ അപകടം ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും ചർച്ചയാകുകയാണ്.