

ശ്രീഗംഗാനഗർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ 19 വയസുകാരനായ ഫോട്ടോഗ്രാഫർ ഓം പ്രകാശിനെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. സുഭാഷ് പാർക്ക് പ്രദേശത്ത് വെച്ച് സ്കൂളിലേക്ക് പോകുന്ന വഴിക്കാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.
സംസാരിക്കാനുള്ള ശ്രമം തടഞ്ഞതിലുള്ള പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു വിവാഹ ചടങ്ങിനിടെയാണ് പ്രതി പെൺകുട്ടിയെ ആദ്യമായി കാണുന്നത്. പിന്നീട് പലതവണ പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനി ഇത് നിരസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ആസിഡ് കുപ്പിയുമായി ബൈക്കിലെത്തി പെൺകുട്ടിക്ക് നേരെ ഒഴിക്കുകയായിരുന്നു.
പോലീസിനെ വെട്ടിക്കാനായി മുഖം തുണി കൊണ്ട് മറച്ച് ഹെൽമറ്റ് ധരിച്ചാണ് പ്രതി എത്തിയത്. ബൈക്കിന്റെ നമ്പർ പ്ലേറ്റും തുണി ഉപയോഗിച്ച് മറച്ചിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾക്കും ഒരു വിരലിനും പൊള്ളലേറ്റു. ആസിഡ് മുഖത്തോ കണ്ണിലോ വീഴാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും പ്രാദേശിക അന്വേഷണവും വഴിയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ചയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.