

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'ഈച്ച' (Eega) വീണ്ടും റിലീസിനൊരുങ്ങുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച വിഷ്വൽ എഫക്റ്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം 2026-ൽ തിയറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രമായ 'വാരാണസി'യുടെ (Varanasi) ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
2012-ൽ പുറത്തിറങ്ങിയ ചിത്രം വിഷ്വൽ ഇഫക്റ്റുകൾക്കും പുതുമയാർന്ന കഥാപരിസരത്തിനും വലിയ പ്രശംസ നേടിയിരുന്നു. നായകൻ കൊല്ലപ്പെട്ട ശേഷം ഒരു ഈച്ചയായി പുനർജനിക്കുന്നതും തന്നെ കൊന്ന വില്ലനോട് പ്രതികാരം ചെയ്യുന്നതുമാണ് സിനിമയുടെ പ്രമേയം. തെലുങ്കിൽ 'ഈഗ' എന്നും തമിഴിൽ 'നാൻ ഈ' എന്നും കേരളത്തിൽ 'ഈച്ച' എന്ന പേരിലും പ്രദർശനത്തിനെത്തിയ ചിത്രം നൂറ് കോടിയോളമാണ് അന്ന് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
നാനി, സാമന്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ സുദീപിന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റീ-റിലീസിനൊപ്പം ചിത്രം 3D സാങ്കേതികവിദ്യയിൽ കൂടി പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ സിനിമാ പ്രേമികളിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.