
ചെന്നൈ: തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 2 വരെ ഇടിമിന്നലോടുകൂടി, നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Rains will continue in Tamil Nadu and Puducherry). പശ്ചിമഘട്ട ജില്ലകളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായി തുടരുന്നു. ഇന്നലെ രാവിലെ വരെ, നീലഗിരി ജില്ലയിലെ അവലാഞ്ചിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. അതിനുപുറമെ, മേൽഭവാനിയിൽ 19 സെന്റീമീറ്റർ മഴയും, കോയമ്പത്തൂർ ജില്ലയിലെ ചിന്നക്കല്ലാറിൽ 17 സെന്റീമീറ്റർ മഴയും, നീലഗിരി മടവട്ടത്ത് 16 സെന്റീമീറ്റർ മഴയും ലഭിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ രാവിലെ മുതൽ ഗുജറാത്ത്, വടക്കൻ കേരള തീരങ്ങളിൽ അറബിക്കടലിൽ ഒരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതുമൂലം ഇന്നും നാളെയും തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ട്-കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നു.
കൂടാതെ, 30 മുതൽ ഓഗസ്റ്റ് 2 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ചെന്നൈയിലെ ആകാശം ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കും. ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും മാന്നാർ ഉൾക്കടലിലും കുമരിക്കടൽ പ്രദേശങ്ങളിലും 31 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലപ്പോഴൊക്കെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റുവീശാൻ സാധ്യതയുണ്ട്-കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.