ജമ്മു: ജമ്മു കശ്മീരിലെ ഏറ്റവും പഴക്കമുള്ള ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളിൽ ഒന്നായ കശ്മീർ ടൈംസിൻ്റെ ജമ്മുവിലെ ഓഫീസിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി റെയ്‌ഡ് നടത്തി. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നു, രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നു എന്നീ ആരോപണങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.(Raid on Kashmir Times office, Allegations of anti-national activities)
ഇന്ന് രാവിലെ ആറ് മണിയോടെ സ്ഥാപനത്തിൻ്റെ മാനേജർ സഞ്ജീവ് കർണിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഇദ്ദേഹത്തെയും കൂട്ടിയാണ് ഓഫീസിലെത്തി റെയ്‌ഡ് ആരംഭിച്ചത്. വേദ് ഭസിൻ സ്ഥാപിച്ച കശ്മീർ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.
ഇതിന് മുൻപും പലതവണ പരിശോധനകൾ നടന്നിരുന്നു. ഇതോടെ സ്ഥാപനം പത്രം നിർത്തി, പിന്നീട് ഓൺലൈൻ എഡിഷനായി പ്രവർത്തനം തുടരുകയായിരുന്നു. വേദ് ഭസിൻ്റെ മരണശേഷം മകൾ അനുരാധ ഭസിനും ഭർത്താവ് പ്രബോധ് ജംവാലും ചേർന്നാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. നിലവിൽ ഇരുവരും അമേരിക്കയിലാണെങ്കിലും, വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം പ്രബോധാണ് എഡിറ്ററും അനുരാധ മാനേജിങ് ഡയറക്ടറുമാണ്. അനുരാധ ഭസിനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്.