ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നു എന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ, അദ്ദേഹം പരാമർശിച്ച വോട്ടർമാരിലൊരാളായ 'സ്വീറ്റി'യുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. രാഹുൽ ഗാന്ധി കള്ളവോട്ടിന് തെളിവായി ചൂണ്ടിക്കാട്ടിയ 'സ്വീറ്റി' യഥാർത്ഥ വോട്ടർ ആണെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2012-ൽ ലഭിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് താൻ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്വീറ്റി പ്രതികരിച്ചു.( Rahul Gandhi's allegation, Report says 'Sweetie' is a real voter)
വോട്ടർ പട്ടികയിൽ തൻ്റേതിനു പകരം ബ്രസീലിയൻ മോഡലിന്റെ ചിത്രം വന്നതെങ്ങനെ എന്ന് അറിയില്ലെന്നാണ് സ്വീറ്റി വ്യക്തമാക്കിയത്. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉൾപ്പെട്ട പട്ടികയിലെ മറ്റ് മൂന്ന് പേരും വോട്ട് ചെയ്തിട്ടുണ്ട് എന്നും, ഇവരും ഹരിയാനയിലെ സ്ഥിരം വോട്ടർമാർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, ഒരേ മേൽവിലാസത്തിൽ 66,501 വോട്ടർമാർ വന്നതിലും ക്രമക്കേടില്ലെന്നാണ് കണ്ടെത്തൽ. ഒരേ കുടുംബത്തിലെ അംഗങ്ങളോ ഒരേ സ്ഥലത്ത് വീടുവച്ചവരോ ആണ് ഈ വോട്ടർമാർ എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഇവിടെ പറയുന്നത് 100% സത്യമാണെന്നും, ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണ് താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ 25 ലക്ഷം കള്ള വോട്ടുകൾ നടന്നു. 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും 93,174 തെറ്റായ വിലാസങ്ങളും ഉണ്ടായിരുന്നു. എട്ടിൽ ഒരു വോട്ട് വ്യാജമാണ്. ഒരു യുവതി 'സീമ', 'സ്വീറ്റി', 'സരസ്വതി' എന്നീ പേരുകളിൽ 10 ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തുവെന്നും രാഹുൽ ആരോപിച്ചു. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷനാണെന്നും അദ്ദേഹം രേഖകൾ പ്രദർശിപ്പിച്ച് വാദിച്ചു.
ഈ ക്രമക്കേടുകൾ കാരണം 22,000 വോട്ടിന് കോൺഗ്രസ് തോറ്റെന്നും എട്ട് സീറ്റുകളിൽ നേരിയ വോട്ടുകൾക്ക് ഫലം അട്ടിമറിക്കപ്പെട്ടെന്നും രാഹുൽ പറഞ്ഞു. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നിട്ടും അന്തിമ ഫലം ഞെട്ടിക്കുന്നതായിരുന്നു. ഇത് യുവജനങ്ങളുടെ ഭാവി കവരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കിൽ അത് ഒരു പാർട്ടിക്കുമാത്രം ഗുണകരമാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ഇന്നലെ പ്രതികരിച്ചിരുന്നു.