ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്ന തട്ടിപ്പിലൂടെ അട്ടിമറിക്കപ്പെട്ടതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. താൻ ഇവിടെ പറയുന്നത് 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.(Rahul Gandhi with the so called 'hydrogen bomb')
ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണ് ഉണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ, സാധാരണയായി പോസ്റ്റൽ വോട്ടുകളും പോളിങ് വോട്ടുകളും ഏകദേശം ഒരുപോലെയാണ് ഉണ്ടാവാറുള്ളത്. എന്നാൽ ഹരിയാനയിൽ ഇത് വ്യത്യസ്തമായിരുന്നു.
ഹരിയാനയിൽ നടന്നത് തന്നെ ഞെട്ടിച്ച തട്ടിപ്പാണ്. താൻ ഫലം പല തവണ പരിശോധിച്ചു, അതിന്റെ ഫലമാണ് ഇവിടെ പറയുന്നത്. യുവജനങ്ങളോടാണ് താൻ സംസാരിക്കുന്നത്. രാജ്യത്തെ 'ജെൻ സി' ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കോൺഗ്രസ് കൂടുതൽ നിയമ, രാഷ്ട്രീയ പോരാട്ടങ്ങൾ പ്രഖ്യാപിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.