ന്യൂഡൽഹി: പാർലമെന്റിൽ അതീവ പ്രാധാന്യമുള്ള തൊഴിലുറപ്പ് ഭേദഗതി ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിലില്ലാതിരുന്നതിനെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവിനെയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധമായ ബില്ലുകൾ ബി.ജെ.പി കൊണ്ടുവരുമെന്ന് നേരത്തെ അറിയാവുന്ന കാര്യമാണെന്നും ഇത്തരം നിർണ്ണായക ഘട്ടങ്ങളിൽ പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Rahul Gandhi was riding a BMW bike while the Parliament was considering anti-people bill, says John Brittas MP)
ബില്ല് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി ബി.എം.ഡബ്ല്യു ബൈക്ക് ഓടിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേയെന്നും ബി.എം.ഡബ്ല്യു കമ്പനി അവിടെത്തന്നെ കാണുമല്ലോ പൂട്ടിയൊന്നും പോകില്ലല്ലോ എന്നും ബ്രിട്ടാസ് പരിഹസിച്ചു. സഭയിൽ രാഹുൽ ഗാന്ധി എവിടെയാണെന്ന് ഡി.എം.കെ നേതാവ് ടി.ആർ. ബാലു പോലും ചോദിക്കേണ്ടി വന്നു. സഖ്യകക്ഷികൾക്കിടയിൽ പോലും ഇത് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടർ നേരത്തെ തീരുമാനിച്ചതാണ്. ബി.ജെ.പിയുടെ കുടിലതന്ത്രങ്ങളെക്കുറിച്ച് ബോധ്യമുള്ളവർ സഭയിൽ ഉണ്ടാകണമായിരുന്നു. കോൺഗ്രസ് അംഗങ്ങളുടെ ഇത്തരം നിലപാടുകൾക്കെതിരെ നേരത്തെയും പരാതികൾ വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.