ഡല്‍ഹി : വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സുരക്ഷയെയും കേസിലെ നടപടികളുടെ നിഷ്പക്ഷതയെയും സംബന്ധിച്ച് തനിക്കുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി പുണെ കോടതിയിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.കാര്യങ്ങള്‍ ജുഡീഷ്യലായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ പരാതിക്കാരന്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ബന്ധുവാണെന്നും അവര്‍ക്ക് അക്രമത്തിന്റെയും ഭരണഘടന വിരുദ്ധ പ്രവണതയുടെയും ചരിത്രമുണ്ടെന്നും രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ ആരോപിച്ചു.
മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വമായ അക്രമമാണ് നടന്നതെന്നും രാഹുൽ അപേക്ഷയിൽ പറയുന്നു.