ന്യൂഡൽഹി: 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ വൻതോതിൽ ക്രമക്കേട് നടന്നു എന്നതിന് 'തെളിവുകൾ' സഹിതം ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഹരിയാനയിൽ 25 ലക്ഷം വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം പോലും ഉപയോഗിച്ച് കള്ളവോട്ടുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. നവംബർ 5 ബുധനാഴ്ച ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.(Rahul Gandhi says 25 lakh fake votes in Haryana)
ഹരിയാനയിലെ ഏകദേശം രണ്ട് കോടി വോട്ടർമാരിൽ 25 ലക്ഷം പേരും വ്യാജന്മാരാണെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. അതായത്, ഹരിയാനയിലെ എട്ട് വോട്ടർമാരിൽ ഒരാൾ വ്യാജനാണ്. 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടർ എൻട്രികൾ കണ്ടെത്തിയതായി അദ്ദേഹം ആരോപിച്ചു. ഇവയിൽ ചിലതിൽ വ്യത്യസ്ത പേരുകളിൽ ഒരേ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്.
ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകളിൽ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടതായും, ഈ പേരിൽ 22 തവണ വോട്ട് ചെയ്തതായും രാഹുൽ ആരോപിച്ചു. വോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഐഡന്റിറ്റികൾ എങ്ങനെ പകർത്തി എന്ന് ഈ ചിത്രം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ച വ്യാജ വോട്ടർപ്പട്ടികയിലെ ചിത്രങ്ങളിലൊന്ന് ഒരു ബ്രസീലിയൻ മോഡലിന്റേതായിരുന്നു. എന്നാൽ, ഈ ചിത്രത്തിന് ഹരിയാന തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലെന്നും അത് ഒരു സ്റ്റോക്ക് ഇമേജാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു:
ചിത്രം ഫോട്ടോഗ്രാഫർ മാത്യൂസ് ഫെറേറോയുടെ പേരിലാണ് സൗജന്യ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്‌ഫോമായ Unsplash.com ൽ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 'നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്ന തലക്കെട്ടിലുള്ള ഈ ചിത്രം 2017 മാർച്ച് 2-നാണ് പ്രസിദ്ധീകരിച്ചത്. ഈ ചിത്രം 59 ദശലക്ഷത്തിലധികം തവണ കാണുകയും 4 ലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ബ്ലോഗുകളിലും ഓൺലൈൻ പോസ്റ്റുകളിലും ഈ ചിത്രം വ്യാപകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്ന വോട്ടർ പകർപ്പിൽ മോഡലിന്റെയോ ഫോട്ടോഗ്രാഫറുടെയോ പങ്കാളിത്തത്തെക്കുറിച്ച് സൂചനയൊന്നുമില്ല.
ഈ വിഷയത്തിൽ ബിജെപിയും കേന്ദ്ര മന്ത്രി കിരൺ റിജിജുവും രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിരുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ കരയുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു.