ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വോട്ടുകവർച്ച സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയത് രാഷ്ട്രീയരംഗത്ത് വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുതന്നെ അട്ടിമറിക്കപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.(Rahul Gandhi questions the credibility of the Election Commission before Bihar Polls)
തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഹരിയാണയിലെ ജനവിധി തട്ടിയെടുത്തു എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അതീവ ഗൗരവതരമാണ്. ഈ ആരോപണങ്ങളിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയും, ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ വിജയങ്ങളുടെ ആധികാരികതയുമാണ് മുഖ്യ പ്രതിപക്ഷ പാർട്ടി ചോദ്യം ചെയ്തിരിക്കുന്നത്.
ബിഹാർ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ ഈ 'ബോംബ്' പൊട്ടിച്ചത് ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനാണെന്നും വിലയിരുത്തപ്പെടുന്നു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല.
ഇതിന് മുൻപ് കർണാടകയിലെ അലന്ദ്, മഹാദേവ്പുര എന്നിവിടങ്ങളിൽ വോട്ടർമാരെ സംഘടിതമായി ഒഴിവാക്കിയതിനെക്കുറിച്ചും വോട്ടർപട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും സംഘടിതമായ ക്രമക്കേട് നടന്നതായി ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത് അന്ന് ആരോപിച്ചിരുന്നു.
മുൻപ് രണ്ട് തവണ രാഹുൽ ആരോപണം ഉന്നയിച്ചപ്പോഴും, സത്യവാങ്മൂലം നൽകി ഔദ്യോഗികമായി പരാതി നൽകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ട് ബിജെപി പന്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോർട്ടിലേക്ക് തട്ടുകയായിരുന്നു.
എന്നാൽ, ഈ വിഷയത്തിലും കമ്മീഷൻ സ്വീകരിച്ച നിലപാട് സമാനമാണ്. "ഹരിയാണയിലെ കോൺഗ്രസിന്റെ ബൂത്ത് ഏജന്റുമാർ എന്തുകൊണ്ട് പരാതിപ്പെട്ടില്ല" എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ തിരിച്ചുചോദിക്കുന്നത്. ഈ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര സഹകരിക്കുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്.