

ഷാഹിദ് കപൂർ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലൂടെയാണ് രാധിക ആപ്‌തെ സിനിമയിൽ എത്തിയത്. എന്നാൽ ആ ചിത്രം തന്റെ കരിയറിന്റെ ഭാഗമായി കണക്കാക്കാൻ പോലും താൻ ആഗ്രഹിക്കുന്നില്ലെന്ന് രാധിക പറയുന്നു.
സിനിമയുടെ നിർമ്മാതാക്കൾ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് രാധിക വെളിപ്പെടുത്തി. കരാറിൽ പറഞ്ഞ പ്രതിഫലം നൽകിയില്ലെന്ന് മാത്രമല്ല, ഷൂട്ടിംഗിനിടെ കൃത്യമായ താമസസൗകര്യം പോലും ഒരുക്കിയില്ല. താനും അമ്മയും കരാറിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ, "ഊർമിള മാതോന്ദ്കർ പോലും കരാറിൽ ഒപ്പിട്ടിട്ടില്ല" എന്നായിരുന്നു നിർമ്മാതാക്കളുടെ പരിഹാസമെന്ന് രാധിക ഓർക്കുന്നു.
പ്രൊഡക്ഷൻ ടീം തന്നെയും കുടുംബത്തെയും ശരിക്കും ബുദ്ധിമുട്ടിച്ചതായും താരം വ്യക്തമാക്കി. സിനിമയുടെ സംവിധായകനായ മഹേഷ് മഞ്ജരേക്കർ നല്ല വ്യക്തിയായിരുന്നുവെന്ന് രാധിക പറഞ്ഞു. അദ്ദേഹം നിർബന്ധിച്ചത് കൊണ്ടാണ് താൻ ആ സിനിമയിൽ അഭിനയിച്ചത്. രാധിക കോളേജിൽ പഠിക്കുമ്പോൾ ചെയ്ത 'ബ്രെയിൻ സർജൻ' എന്ന നാടകം കണ്ടാണ് അദ്ദേഹം സിനിമയിലേക്ക് ക്ഷണിച്ചത്. ആ ചിത്രത്തിന് ശേഷം പഠനം പൂർത്തിയാക്കാൻ താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
മോശം തുടക്കമായിരുന്നുവെങ്കിലും ഇന്ന് ഇന്ത്യൻ സിനിമയിലെ മുൻനിര അഭിനേത്രിമാരിൽ ഒരാളാണ് രാധിക ആപ്‌തെ. ടിസ്ക ചോപ്ര സംവിധാനം ചെയ്ത 'സാലി മൊഹബത്ത്' എന്ന സൈക്കോളജിക്കൽ ത്രില്ലറിലെ പ്രകടനത്തിന് വലിയ പ്രശംസയാണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.