
രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടിമത്വത്തിന്റെ ചങ്ങലയിൽ വരിഞ്ഞുമുറുക്കിയ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച ഇതിഹാസ കാവ്യമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന് പറയും പോലെ ഒരൊറ്റ രാത്രി കൊണ്ട് നേടിയതല്ല ഇന്ത്യയുടെ സ്വാതന്ത്രം. ഇന്ന് നമ്മുടെ ത്രിവർണ പതാക സ്വച്ഛമായി ഉയരങ്ങളിൽ പാറുന്നതിന് പിന്നിൽ എണ്ണിയാൽ ഒടുങ്ങാത്ത പോരാട്ടങ്ങളുടെ കഥയുണ്ട്. സ്വന്തം മണ്ണ് വെള്ളക്കാരിൽ നിന്നും തിരിക്കെ പിടക്കാൻ ഇന്ത്യലെ ഓരോ പൗരനും നടത്തിയ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും കഥ.
ഇന്ത്യയുടെ സ്വാതന്ത്രസമര സമര ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം (Quit India Movement). 1942 അരങ്ങേറിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ഇന്ന് 83 വയസ്സ് തികയുന്നു. ഇന്ത്യ വിട്ടു പോവുക അഥവാ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ഭാരത് ജോഡോ ആന്തോളൻ അല്ലെങ്കിൽ ഓഗസ്‌റ്റ് വിപ്ലവം എന്നും വിളിക്കപ്പെടുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നീണ്ട ചരിത്രത്തിൽ ചെറുതും വലുതുമായ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കെടുത്ത ഒരു ജനകീയ വിപ്ലവം മാത്രമേ ഉണ്ടായിട്ടുള്ളൂ, അതായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് വിരുദ്ധമായ ഒടുവിലെയും, ഏറ്റവും ശക്തമായ ബഹുജന വിപ്ലവമായിരുന്നു ക്വിറ്റ് ഇന്ത്യ. ഒന്നാം സ്വാതന്ത്ര സമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു ക്വിറ്റ് ഇന്ത്യ.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട കാലം. മഹായുദ്ധത്തിൽ ഭാഗമായിരുന്ന ബ്രിട്ടൻ, തങ്ങളുടെ കിഴിലുള്ള എല്ലാ കോളനികളും യുദ്ധത്തിന്റെ ഭാഗമാണ് എന്ന് ഏകപക്ഷീയമായി പ്രഖ്യാപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ കേന്ദ്ര നിയമസഭയും പ്രതിനിധികളും ഉണ്ടായിരുന്നിട്ട് പോലും ഇന്ത്യയുടെ അനുവാദം ഇല്ലാതെയാണ് ബ്രിട്ടീഷ് സർക്കാർ ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഇതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി പ്രതിഷേധം ഉയർത്തിയിരുന്നു. തങ്ങളുടെ പ്രതിഷേധം ബ്രിട്ടനെ അവർ നേരിട്ടറിയിച്ചു. മുസ്ലിം ലീഗ് യുദ്ധത്തെ പിന്തുണച്ചെങ്കിലും, കോൺഗ്രസ്സ് അതിനു തയ്യാറായിരുന്നില്ല. കോൺഗ്രസ്സിന്റെ വാർദ്ധാ സമ്മേളനത്തിൽ ഫാസിത്തിനെതിരായാണ് ബ്രിട്ടീഷ് യുദ്ധം ചെയ്യുന്നതെന്നും, അതുകൊണ്ട് തന്നെ ബ്രിട്ടനോടൊപ്പം പങ്കുചേരാൻ കോൺഗ്രസ്സ് സമ്മതിക്കുന്നു. യുദ്ധത്തിൽ ഭാഗമാകാം എന്നാൽ തങ്ങൾക്ക് സ്വാതന്ത്ര്യം നൽകണം എന്നതായിരുന്നു കോൺഗ്രസ്സ് തിരികെ ഉന്നയിച്ച ആവശ്യം.
1940 ഓഗസ്റ്റിൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയായിരുന്ന ലോർഡ് ലിൻലിത്ഗോ പ്രൊപ്പോസലായ ഓഗസ്റ്റ് ഓഫർ മുന്നോട്ട് വയ്ക്കുന്നു. ഭരണത്തിൽ ഇന്ത്യക്ക് പ്രാധിനിത്യം നൽകാം എന്നും, ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടന നിർമ്മിക്കുവാൻ ഭരണഘടന നിർമ്മാണ സമിതി രൂപീകരിക്കാൻ വേണ്ടിയുള്ള സഭ രൂപീകരിക്കുന്നതിനെ പറ്റിയും ഓഗസ്റ്റ് ഓഫറിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനെ കുറിച്ച് യാതൊന്നു വിവരിക്കാത്തത് കൊണ്ട് തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മറ്റു പാർട്ടികളും ഒരു പോലെ ഓഗസ്റ്റ് ഓഫറിനെ തള്ളിക്കളഞ്ഞു.
ഇന്ത്യയെ എങ്ങനെയെങ്കിലും അനുനയിപ്പിക്കണം അതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസെന്റ് ചർച്ചിൽ മറ്റൊരു മിഷനെ ഇന്ത്യയിലേക്ക് അയക്കുന്നു. ബ്രിട്ടീഷ് ക്യാബിനറ്റ് മിനിസ്റ്ററായിരുന്ന സർ സ്റ്റാഫ്‌ഫോർഡ് ക്രിസ്പിൻറെ കീഴിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്ക് അയച്ചു. 1942 മാർച്ചിൽ സംഘം ഇന്ത്യയിലെത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകാം എന്ന നിർദ്ദേശം ക്രിപ്സ് മിഷൻ ഇന്ത്യയ്ക്ക് മുന്നിൽ വച്ചു. ഡൊമീനിയൻ പദവി എന്നാൽ ബ്രിട്ടീഷ് കോമൺവെൽത്തിലെ രാജ്യങ്ങൾക്ക് നൽകിയിരുന്ന സ്വയംഭരണാവകാശമാണ്. ഈ പദവി ലഭിച്ച രാജ്യങ്ങൾക്ക് ആഭ്യന്തര കാര്യങ്ങളിലും ചില വിദേശകാര്യങ്ങളിലും സ്വയം ഭരിക്കാൻ അധികാരമുണ്ടായിരുന്നു, അതേസമയം ബ്രിട്ടീഷ് കിരീടത്തോടുള്ള കൂറ് നിലനിർത്തുകയും ചെയ്യണം. എന്നാൽ ഓഗസ്റ്റ് ഓഫറിനിന് സമാനമായി ക്രിസ്പ് മിഷനിലും ഇന്ത്യയുടെ പൂർണ്ണ സ്വാതന്ത്ര്യത്തെ കുറിച്ച് എങ്ങും പരാമർശിക്കുന്നില്ല. അതോടെ ക്രിസ്പ് മിഷനും പരാജയപ്പെടുന്നു. അതോടെ ഇന്ത്യയ്ക്ക് പൂർണ്ണസ്വാതന്ത്രം നൽകുക എന്നത് ബ്രിട്ടീഷ് അജണ്ടയിൽ ഇല്ല എന്നും ഇനിയും ബ്രിട്ടീഷുകാരുമായി സംവാദം നടത്തിയിട്ട് കാര്യമില്ല എന്നും വ്യക്തമാകുന്നു.
സമരങ്ങളിലൂടെയെ പൂർണ്ണ സ്വരാജിൽ എത്തിച്ചേരാൻ കഴിയു എന്ന് മനസിലാക്കിയ നേതാക്കൾ അടുത്ത തലത്തിലേക്ക് കടക്കുന്നു. 1942 ജൂലൈയിൽ വാർദ്ധയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ബ്രിട്ടീഷ് സർക്കാരിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രമേയം അംഗീകരിക്കുന്നു. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വൻതോതിലുള്ള നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയിൽ ഉടനീളം അരങ്ങേറുമെന്ന കരട് നിർദ്ദേശിച്ചു. അക്രമ രഹിത ബഹുജനസമരം ആരംഭിക്കുമെന്ന് ഈ പ്രമേയത്തിലൂടെ മുന്നറിയിപ്പു നല്‍കി. ഈ തീരുമാനം വളരെ വിവാദപരമായിരുന്നു.
ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങുന്നതിനായി പ്രത്യേക യോഗം വിളിച്ചുകൂട്ടി. 1942 ഓഗസ്‌റ്റ് ഏഴ്, എട്ട് തീയതികളില്‍ ബോംബെയിലെ മലബാര്‍ ഹില്ലില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തിലാണ് ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യാ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിക്കുന്നത്. തുടര്‍ന്ന് ബോംബേയിലെ ഗോവാലിയ മൈതാനത്ത് നടന്ന സമ്മേളനത്തില്‍ ഗാന്ധിജി 'പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക' (Do or Die) എന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗം നടത്തി. 'സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് വേണ്ട' എന്നും ഗാന്ധിജി പ്രഖ്യാപിച്ചു. ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധിജി ഓരോ ഇന്ത്യക്കാരനോടും അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്‌ന്നു. എന്നാൽ പ്രസംഗം നടന്ന മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതാക്കളെ ബ്രിട്ടീഷ് സർക്കാർ തുറുങ്കിലടച്ചു. ഗാന്ധിയെ പൂനെയിലെ ആഗ ഖാൻ കൊട്ടാരത്തിൽ തടവിലാക്കി. ബ്രിട്ടീഷുകാർ കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു.
രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും അലയടിച്ചു. തൊഴിലാളികൾ തങ്ങളുടെ തൊഴിലിടങ്ങളിൽ നിന്നും കൂട്ടത്തോടെ വിട്ടു നിന്നു. രാജ്യത്ത് എങ്ങും സമരാഹ്വാനങ്ങൾ കൊണ്ട് നിറഞ്ഞു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്‌റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും അറസ്റ്റ് ചെയ്തു, വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു. 1945 ജൂണ്‍ 16ന് നേതൃത്വം മുഴുവനും മോചിതരായതോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അന്തരീക്ഷം ഒരുക്കപ്പെട്ടു. ഈ സാഹചര്യത്തില്‍, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ അതുല്യവും നിര്‍ണായകവുമായ സ്ഥാനമുണ്ട്.