
പട്ന: ബിഹാറിലെ നളന്ദയിൽ, കുടുംബ വഴക്കിനെ തുടർന്ന് യുവതി തന്റെ മൂന്ന് മക്കൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ചികിത്സയിലിരിക്കെ യുവതി മരിച്ചു. വിഷം ഉള്ളിൽച്ചെന്ന മൂന്നു കുട്ടികളും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ദീപ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഗ്ര ഗ്രാമത്തിലാണ് സംഭവം.
മഗ്ര ഗ്രാമത്തിലെ താമസക്കാരനായ രാജീവ് രവിദാസിന്റെ ഭാര്യ ഖുഷ്ബു ദേവി (35) ആണ് മരിച്ച യുവതി.തിങ്കളാഴ്ച, എല്ലാ ദിവസത്തെയും പോലെ കുടുംബാംഗങ്ങൾക്ക് പ്രഭാതഭക്ഷണം തയ്യാറാക്കുകയായിരുന്നു യുവതി. ഇതിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സൾഫസ് പൊടിയിൽ വിഷം കലർത്തി, അത് തന്റെ മൂന്ന് മക്കളായ സുഗി കുമാരി, കല്ലു കുമാർ, ആര്യൻ എന്നിവർക്ക് നൽകിയ ശേഷം, വിഷം കലർന്ന സിറപ്പ് യുവതിയും കുടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. താമസിയാതെ, എല്ലാവരുടെയും നില വഷളാകാൻ തുടങ്ങി. ഗ്രാമവാസികൾ സ്ത്രീയെയും മൂന്ന് കുട്ടികളെയും ബിഹാർഷരീഫ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ നിന്ന് ഡോക്ടർമാർ എല്ലാവരെയും വിംസിലേക്ക് റഫർ ചെയ്തു.
ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് യുവതി മരണപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി സ്വയം വിഷം കഴിക്കുകയായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചു. നിലവിൽ കേസ് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.