ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഡിസംബർ 4, 5 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്.(Putin to visit India on December 4 and 5)
ഇരു രാജ്യങ്ങളും തമ്മിലുള്ള 'തന്ത്രപരമായ പങ്കാളിത്തം' ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിന്റെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ ചർച്ച നടത്തും.
പ്രാദേശിക-ആഗോള വിഷയങ്ങളിലും ഇരു രാജ്യങ്ങളും ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികളടക്കം ചർച്ചയാകുമെന്ന് ഉറപ്പാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള ഉപരോധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യും.
മൂന്ന് വർഷം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നുവെന്ന സൂചനകളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാർ അംഗീകരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയതോടെയാണ് പ്രതീക്ഷകൾ സജീവമായത്.
യു.എസ്. മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിക്ക് റഷ്യയും അനുകൂല നിലപാടിലാണെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ജനീവയിൽ നടന്ന ചർച്ചകൾക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്നിന്റെയും ഉദ്യോഗസ്ഥർ സമാധാന കരാറിന് അന്തിമരൂപം നൽകിയത്. രണ്ട് രാജ്യങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രെയ്നിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി.
സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് വ്യക്തമാക്കിയ സെലെൻസ്കി ദിവസങ്ങൾക്കകം അമേരിക്കയിലെത്തി ട്രംപിനെ നേരിട്ട് കാണുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് വർഷം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്.