ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിൽ എത്തി. നിർണ്ണായക കൂടിക്കാഴ്ചകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയാണ് പുടിൻ സംസാരിച്ചത്. പ്രധാനമന്ത്രി മോദിയെപ്പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അദ്ദേഹം സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത നേതാവാണെന്നും പുടിൻ അഭിപ്രായപ്പെട്ടു.(Putin praises PM Modi, crucial meetings today)
"വിശ്വസിക്കാവുന്ന സുഹൃത്ത്" എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്. "ഇത് ഞാൻ ഏറെ ആത്മാർത്ഥതയോടെ പറയുന്നതാണ്. ഇന്ത്യയുടെ ഭാഗ്യമാണ് അദ്ദേഹത്തെപ്പോലൊരു നേതാവ്. അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നത്," പുടിൻ പ്രശംസിച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ അവകാശത്തെ പുടിൻ ആവർത്തിച്ച് പിന്തുണച്ചു. അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേ അവകാശം ഇന്ത്യയ്ക്കും ഉണ്ടെന്ന് പുടിൻ പറഞ്ഞു. കൂടാതെ, ഇരട്ട തീരുവ അടക്കമുള്ള ഡോണൾഡ് ട്രംപിൻ്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഉപദേശകരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുക്രെയ്‌നെതിരായ യുദ്ധത്തെക്കുറിച്ചും പുടിൻ അഭിമുഖത്തിൽ സംസാരിച്ചു. ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ യുക്രെയ്‌നെതിരായ യുദ്ധം നിർത്തുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പുടിൻ അറിയിച്ചു. സാമ്പത്തിക സഹകരണം, പ്രതിരോധം, മാനുഷിക സഹായം, സാങ്കേതികവിദ്യാ വികസനം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മോദി പ്രതിജ്ഞാബദ്ധനാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ മോസ്കോ സന്ദർശനം പുടിൻ ഓർത്തെടുത്തു. തൻ്റെ വസതിയിൽ ഒരുമിച്ച് ഇരുന്ന് ചായ കുടിച്ചതും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതും രസകരമായിരുന്നു എന്നും പുടിൻ പറഞ്ഞു. വിമാനത്താവളത്തിൽ എത്തിയ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഊഷ്മളമായ സ്വീകരണമാണ് പുടിന് ലഭിച്ചത്. പുടിൻ്റെ ഇന്ത്യാ സന്ദർശനത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമാണുള്ളത്. 26-27 മണിക്കൂറാണ് പുടിൻ ഇന്ത്യയിൽ ചെലവഴിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവർ മാത്രം പങ്കെടുക്കുന്ന സുപ്രധാന യോഗമാണ് ആദ്യം നടന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ മോസ്കോ സന്ദർശന വേളയിൽ ക്രെംലിനിൽ സംഘടിപ്പിച്ച സ്വകാര്യ യോഗത്തിന്റെ ശൈലിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ മോദി പുടിനായി ഒരു സ്വകാര്യ അത്താഴ വിരുന്നും ഒരുക്കി.
ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12ന് ഹൈദരാബാദ് ഹൗസിൽ ആരംഭിക്കും. പ്രതിനിധി സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള ഉഭയകക്ഷി ചർച്ചകളും ഇവിടെ നടക്കും. ഇതിന് ശേഷം സംയുക്ത പ്രസ്താവന, റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണത്തെക്കുറിച്ചുള്ള മെമ്മോറാണ്ടം തുടങ്ങിയ നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. വെള്ളിയാഴ്ച വൈകുന്നേരം പുടിൻ മോസ്കോയിലേക്ക് മടങ്ങും.