

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പുടിന്റെ സന്ദർശനത്തിലെ മുഖ്യ അജണ്ട.(Putin in India today, Important issues to be discussed in Modi-Putin meeting)
ഇന്ത്യയും റഷ്യയും തമ്മിലുള്ള 'തന്ത്രപരമായ പങ്കാളിത്തം' കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തുന്നതിനും ഈ സന്ദർശനം നിർണായകമാകും. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കുകയും ചെയ്യും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വിശദമായ ചർച്ച നടത്തും.
പുടിന്റെ സന്ദർശന വേളയിൽ പുതിയ വലിയ ആയുധ കരാറുകൾ ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, പ്രതിരോധ മേഖലയിലെ സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യും. സുഖോയ് 57, എസ് 400 പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ പുടിൻ-മോദി കൂടിക്കാഴ്ചയിൽ ചർച്ച നടക്കാൻ സാധ്യതയുണ്ട്. എണ്ണ ഇറക്കുമതി അടക്കമുള്ള ഉഭയകക്ഷി വ്യാപാര രംഗത്തെ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
പ്രാദേശികവും ആഗോളവുമായ സുപ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ-യുക്രൈൻ സംഘർഷത്തിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. കൂടാതെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന അമേരിക്കൻ താരീഫ് ഭീഷണികളെക്കുറിച്ചുള്ള നിലപാടുകളും ചർച്ചയാകും. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടുന്ന യുഎസ് ഉപരോധങ്ങളും ഈ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ചർച്ച ചെയ്യും.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കിടയിലാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ ഭൂമി വിട്ടുകൊടുക്കണമെന്ന ആവശ്യത്തിൽ റഷ്യ വിട്ടുവീഴ്ചക്ക് തയ്യാറല്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് നടന്ന സമാധാന ചർച്ചകളിൽ കാര്യമായ തീരുമാനങ്ങളൊന്നും ഇല്ലാതെ പിരിഞ്ഞത് ആശങ്ക വർദ്ധിപ്പിക്കുന്നു.
അമേരിക്കൻ നിർദ്ദേശങ്ങൾ പുടിൻ തള്ളിക്കളഞ്ഞെന്ന വാദങ്ങൾ തെറ്റാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ചില കാര്യങ്ങൾ സ്വീകാര്യമാണ്, ചിലതിൽ അഭിപ്രായവ്യത്യാസമുണ്ട്. യൂറോപ്യൻ രാജ്യങ്ങളാണ് ട്രംപ് മുന്നോട്ട് വെച്ച സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നതെന്നും, റഷ്യക്ക് സ്വീകാര്യമല്ലാത്ത നിർദ്ദേശങ്ങൾ സമാധാന കരാറിലേക്ക് കുത്തിക്കയറ്റാൻ ശ്രമിക്കുന്നുവെന്നും പുടിൻ കുറ്റപ്പെടുത്തിയിരുന്നു.