
ന്യൂഡൽഹി: അറുപത്തിയഞ്ചുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത 39 കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. മകളോടൊപ്പം എത്തി സ്ത്രീ നൽകിയ പരാതിയിലാണ് മകൻ അറസ്റ്റിലായത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്.
ജൂലൈ 17ന് സ്ത്രീയും ഭർത്താവും ഇളയ മകളും സൗദി അറേബ്യയിലേക്ക് യാത്ര പോയി. യാത്രയ്ക്കിടെ പ്രതി പിതാവിനെ വിളിച്ച് ഉടൻ ഡൽഹിയിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. അമ്മയെ വിവാഹമോചനം ചെയ്യണമെന്നും തന്റെ കുട്ടിക്കാലത്ത് അവർക്ക് ഒട്ടേറേ വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും ആരോപിച്ചു. ആഗസ്റ്റ് 1ന് കുടുംബം ഡൽഹിയിൽ തിരിച്ചെത്തിയശേഷം പ്രതി അമ്മയെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായും പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെ അടുത്തുള്ള മൂത്ത മകളുടെ വീട്ടിൽ അമ്മ അഭയം തേടി. ആഗസ്റ്റ് 11ന് അമ്മ വീട്ടിൽ തിരിച്ചെത്തി. രാത്രിയിൽ, അമ്മയോട് സ്വകാര്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം ഒരു മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. അവരുടെ മുൻകാല ബന്ധങ്ങൾക്കുള്ള ‘ശിക്ഷ’ എന്നു പറഞ്ഞായിരുന്നു പീഡനം. ആഗസ്റ്റ് 14ന് പുലർച്ചെ, പ്രതി രണ്ടാമതും അമ്മയെ പീഡിപ്പിച്ചു.
അടുത്ത ദിവസം, സ്ത്രീ തന്റെ ഇളയ മകളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് ഇരുവരും ഹൗസ് ഖാസി പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ 64ാം വകുപ്പ് (ബലാത്സംഗം) പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.