ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (JeM) വനിതാ വിഭാഗമായ 'ജമാഅത്തുൻ മുമിനാത്ത്'ൽ പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായ ഉമർ ഫാറൂഖിൻ്റെ ഭാര്യ ആഫിറ ബീബിയും അംഗമായതായി വിവരം. ചെങ്കോട്ട സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് ആഫിറ ബീബി വനിതാ വിഭാഗത്തിൽ ചേർന്നതെന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ ജമാഅത്തുൻ മുമിനാത്തിൻ്റെ പ്രധാന മുഖങ്ങളിലൊന്നായാണ് ആഫിറ ബീബി അറിയപ്പെടുന്നത്.(Pulwama terror attack mastermind's wife in Jaish-e-Mohammed's women's wing)
2019-ലെ പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനും ജെയ്‌ഷെയുടെ കമാൻഡറുമായിരുന്ന ഉമർ ഫാറൂഖിന്റെ ഭാര്യയാണ് ആഫിറ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനമുപയോഗിച്ച് പുൽവാമയിൽ ആക്രമണം നടത്തിയത് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു. 2019 ഫെബ്രുവരി 14-ന് നടന്ന ഈ ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യുവരിച്ചത്. പുൽവാമ ആക്രമണത്തിന് ശേഷം അതേ വർഷം തന്നെ നടന്ന ഏറ്റുമുട്ടലിൽ ഉമർ ഫാറൂഖിനെ ഇന്ത്യൻ സേന വധിച്ചിരുന്നു.
ജമാഅത്തുൻ മുമിനാത്തിൻ്റെ ഉപദേശകസമിതി അംഗം കൂടിയാണ് ആഫിറ ബീബി. ജെയ്‌ഷെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസറിൻ്റെ സഹോദരി സാദിയ അസറിനൊപ്പം ചേർന്നാണ് ആഫിറ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെട്ട ഭീകരൻ യൂസഫ് അസറിൻ്റെ ഭാര്യയാണ് സാദിയ അസർ.
ഇന്ത്യയിൽ ഭീകരവാദം വ്യാപിപ്പിക്കാൻ മസൂദ് അസർ ആസൂത്രണം ചെയ്യുന്ന പദ്ധതികളിൽ പ്രധാന പങ്ക് വഹിക്കുന്നത് സാദിയ അസറാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗം രൂപവത്കരിക്കാൻ പോവുകയാണെന്ന് മസൂദ് അസർ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിനാണ്. ഇതിന് പിന്നാലെ ഒക്ടോബർ 19-ന് പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ വനിതാ അംഗങ്ങൾക്കായി ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വനിതാ വിഭാഗത്തിൻ്റെ ഭീകരപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മസൂദ് അസർ സഹോദരിയെയും തുടർന്ന് ആഫിറ ബീബിയെയും ചുമതലപ്പെടുത്തിയത്.
സ്ത്രീകളെ തീവ്രവാദ ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്ത് ജെയ്‌ഷെയുടെ പ്രവർത്തനം വിപുലീകരിക്കാനാണ് മസൂദ് അസർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജെയ്‌ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുക എന്നതാണ് വനിതാ വിഭാഗത്തിൻ്റെ പ്രധാന ചുമതല. ഇതിനായി സാമൂഹിക പ്രവർത്തനങ്ങളുടെ മറവിലും സ്ത്രീശാക്തീകരണത്തിൻ്റെ പേരിലുമെല്ലാം തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇൻ്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.