
ലണ്ടൻ: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടന്. സമാധാനപൂര്‍വമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കും. എന്നാല്‍ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ അല്ലെങ്കില്‍ പൊതുപരിപാടികള്‍ തടസപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖലിസ്ഥാന്‍ അനുകൂലികള്‍ എത്തുകയും വേദിക്ക് സമീപം ഒത്തുകൂടി ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.
പരിപാടി കഴിഞ്ഞ് കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖലിസ്ഥാന്‍ അനുകൂലി പാഞ്ഞടുത്തിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ ദേശീയ പതാക കീറി എറിയുകയായിരുന്നു. ചേഥം ഹൗസിന് പുറത്ത് ഇന്നലെയുണ്ടായ സംഭവത്തില്‍ ശക്തമായി അപലപിക്കുന്നെന്ന് യുകെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.