ന്യൂഡൽഹി: രാജ്യം ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും ആഘോഷങ്ങൾക്കും നേരെ അതിക്രമം. ഉത്തർപ്രദേശിലെ ബറേലിയിലും ഛത്തീസ്ഗഡിലെ റായ്പുരിലുമാണ് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്.(Protest in front of the church, Widespread violence during Christmas celebrations)
ബുധനാഴ്ച വൈകുന്നേരം ബറേലിയിലെ ഒരു പള്ളിയിൽ ക്രിസ്മസ് ആരാധനാ ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു സംഭവം. ഇരുപത്തഞ്ചോളം വരുന്ന ബജ്‌രംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പള്ളിക്ക് മുന്നിൽ തടിച്ചുകൂടി ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നു.
സംഭവസ്ഥലത്ത് പോലീസ് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയാൻ ശ്രമിച്ചില്ലെന്ന് വിശ്വാസികൾ പരാതിപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഛത്തീസ്ഗഡിലെ റായ്പുരിലുള്ള ഒരു പ്രമുഖ മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ അക്രമിസംഘം തകർത്തു. മാളിൽ ഒരുക്കിയിരുന്ന ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും 'സർവഹിന്ദു സമാജ്' എന്ന സംഘടനയിലെ അംഗങ്ങൾ അടിച്ചുതകർത്തു. നിർബന്ധിത മതപരിവർത്തനം ആരോപിച്ചു സംഘടന റായ്പുരിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധ പ്രകടനമാണ് പിന്നീട് മാളിലേക്ക് ഇരച്ചുകയറിയതും ആഘോഷങ്ങൾ തടസ്സപ്പെടുത്തിയതും.