
പട്ന: ഓർക്കസ്ട്രയുടെ മറവിൽ പെൺവാണിഭം നടത്തിയിരുന്ന സംഘം അറസ്റ്റിൽ. ബീഹാറിലെ ഗോപാൽഗഞ്ചിൽ ആണ് സംഭവം. എസ്പി അവധേഷ് ദീക്ഷിതിന്റെ നിർദ്ദേശപ്രകാരം, ബറൗളി പോലീസ് സ്റ്റേഷനും മിഷൻ മുക്തി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഘം വലയിലായത്.
ബരൗളി പോലീസ് സ്റ്റേഷൻ പരിധിയിലെ രത്തൻ സരായ് ഗ്രാമത്തിന് സമീപമാണ് പോലീസ് പരിശോധന നടത്തിയത്. അവിടെ ഓർക്കസ്ട്രയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യിച്ചിരുന്നതായും. കൂടാതെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ചൂഷണം ചെയ്യുന്നതായും പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസും മിഷൻ മുക്തി ഫൗണ്ടേഷന്റെ സംഘവും സ്ഥലം റെയ്ഡ് ചെയ്തു, അവിടെ നിന്നും 14 പെൺകുട്ടികളെ മോചിപ്പിച്ചു. ഓപ്പറേഷനിൽ, മച്രിഹട്ട നിവാസിയായ ഓർക്കസ്ട്ര ഓപ്പറേറ്ററായ രാകേഷ് സിംഗ് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റിലായി. മറ്റ് പല സ്ഥലങ്ങളിലും ഈ ഓർക്കസ്ട്ര സജീവമായിരുന്നതായി പറയപ്പെടുന്നു. പ്രാദേശിക ഭരണകൂടത്തിന്റെയും മിഷൻ മുക്തി ഫൗണ്ടേഷന്റെയും സമയോചിതമായ ഇടപെടൽ മൂലമാണ് പെൺകുട്ടികളെ മോചിപ്പിക്കാനായത്.
നിലവിൽ, ഓർക്കസ്ട്രയുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും പോലീസ് തിരയുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് എസ്പി അവധേഷ് ദീക്ഷിത് വ്യക്തമാക്കി.